ബെംഗളൂരു: കർണാടകയിലടക്കം വോട്ടർപട്ടികയില്‍ വൻതോതില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്.വോട്ടർപട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടർപട്ടികയില്‍ ഉള്‍പ്പെട്ട അനർഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമർപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഇതിനായുള്ള സത്യവാങ്മൂലത്തിന്റെ മാതൃകയും തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിന് അയച്ചുനല്‍കി. വിഷയത്തില്‍ ആവശ്യമായ തുടർനടപടികള്‍ സ്വീകരിക്കാനാണ് ഈ നടപടിയെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.അതേസമയം, താൻ പറഞ്ഞ വോട്ടർപട്ടികയിലെ വിവരങ്ങള്‍ തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിനെക്കുറിച്ചുള്ള രാഹുല്‍ഗാന്ധിയുടെ പ്രതികരണം. ”ഞാൻ ഒരു രാഷ്ട്രീയക്കാരനാണ്. ഞാൻ ജനങ്ങളോട് എന്താണ് പറയുന്നത് അത് എന്റെ വാക്കാണ്. എല്ലാവരോടും പരസ്യമായിട്ടാണ് ഞാൻ അത് പറയുന്നത്. അത് ഒരു സത്യപ്രതിജ്ഞയായി എടുക്കുക. ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റയാണ്. ആ ഡേറ്റയാണ് ഞങ്ങള്‍ പ്രദർശിപ്പിച്ചതും. ഇത് ഞങ്ങളുടെ ഡേറ്റയല്ല. രസകരമെന്ന് പറയട്ടെ, അവർ ഇതിലെ വിവരങ്ങളൊന്നും നിഷേധിച്ചിട്ടില്ല. രാഹുല്‍ഗാന്ധി സംസാരിച്ച വോട്ടർപട്ടികയിലെ വിവരങ്ങള്‍ തെറ്റാണെന്നും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാതിരഞ്ഞെടുപ്പ് കമ്മീഷൻ അത് തെറ്റാണെന്ന് പറയാത്തത്. കാരണം അവർക്ക് സത്യം അറിയാം. രാജ്യത്താകെ ഇങ്ങനെചെയ്തിട്ടുണ്ടെന്നും അവർക്കറിയാം’, രാഹുല്‍ഗാന്ധി പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് ഒത്തുകളിച്ചെന്നും തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമായിരുന്നു രാഹുല്‍ഗാന്ധിയുടെ ആരോപണം. കർണാടകയിലെ ബെംഗളൂരു സെൻട്രല്‍ ലോക്സഭ മണ്ഡലത്തില്‍ ക്രമക്കേട് നടന്നരീതിയും ഇതിന്റെ വിശദാംശങ്ങളും വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി വിശദീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന് കത്തയച്ചത്.
രാഹുല്‍ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്; ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങള്‍ സമര്‍പ്പിക്കണം
