വിദ്യാര്‍ഥികളുടെ സസ്പെൻഷൻ പിൻവലിച്ച്‌ പരീക്ഷ നടത്താനുള്ള ഉത്തരവ്: കാലടി സര്‍വകലാശാല അപ്പീലിന്

വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച്‌ പ്രത്യേക പരീക്ഷ നടത്താനുള്ള ഉത്തരവിനെതിരെ അപ്പീല്‍ പോകാൻ കാലടി സർവകലാശാല.വിധി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സർവകലാശാലയുടെ വിലയിരുത്തല്‍. വിസിയും സിൻഡിക്കേറ്റ് അംഗങ്ങളും പ്രാഥമിക കൂടി ആലോചന നടത്തി. വിദഗ്ധ നിയമപദേശം തേടിയ ശേഷം ഹൈക്കോടതിയെ സമീപിക്കും.തിങ്കളാഴ്ചയാണ് കാലടി സർവകാലാശാലയില്‍ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയുള്ള ഹൈക്കോടതി വിധി വന്നത്. വിഷയത്തില്‍ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് തള്ളിയ കോടതി, സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു. ഇതോടെ വിദ്യാർഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള തടസവും നീങ്ങിയിരുന്നു. ആവശ്യമെങ്കില്‍ വിദ്യാർഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് സർവ്വകലാശാല നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ആറാഴ്ചക്കകം പരീക്ഷ നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.പ്രത്യേക പരീക്ഷ നടത്താതിരിക്കാൻ ശിക്ഷാവിധി കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാർഥികള്‍ക്ക് ക്യാംപസില്‍ കയറാമെന്ന് വ്യക്തമാക്കിയ കോടതി പത്തു വിദ്യാർഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് ഉത്തരവിട്ടത്.സര്‍വകലാശാലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സമരം ചെയ്തതിനെ തുടര്‍ന്നാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. ഇതിനിടെ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർവ്വകലാശാല ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയും വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വിദ്യാർഥികള്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻറെ പരിഗണനക്ക് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *