ഹേഗ്: രാജ്യത്ത് ദീർഘകാലമായി പീഡനങ്ങൾക്കിരയാകുന്ന റോഹിങ്ക്യൻ വിഭാഗത്തിനെതിരെ മ്യാൻമർ വംശഹത്യ നടത്തിയതായി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ കണ്ടെത്തൽ. 80 വർഷത്തെ ചരിത്രത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) വംശഹത്യയുടെ പേരിൽ ഒരു രാജ്യത്തെ ഉത്തരവാദിയാക്കുന്നത് ഇതാദ്യമാണ്. ആറിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് കോടതിയുടെ ഈ തീരുമാനം. 2017-ൽ മ്യാൻമർ നടത്തിയ ക്രൂരമായ അടിച്ചമർത്തലിന് ഇരയായ റോഹിങ്ക്യകൾക്ക് ലഭിച്ച നീതിയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.
ക്രൂരമായ അടിച്ചമർത്തലുകളെ തുടർന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി ലക്ഷക്കണക്കിന് ആളുകളെ അയൽരാജ്യമായ ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്യാൻ നിർബന്ധിതരാക്കിയിരുന്നു. മ്യാൻമർ സുരക്ഷാ സേന ആയിരക്കണക്കിന് സാധാരണക്കാരായ റോഹിങ്ക്യൻ വിഭാഗക്കാരെ കൊലപ്പെടുത്തുകയും സ്ത്രീകൾക്കെതിരെ ‘വ്യാപകമായ ലൈംഗിക അതിക്രമങ്ങളും’ കുട്ടികൾക്കെതിരെ ‘തീവ്രമായ അതിക്രമങ്ങളും’ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പറഞ്ഞു.
റോഹിങ്ക്യൻ ഗ്രാമങ്ങൾ ‘ആസൂത്രിതമായി നശിപ്പിക്കപ്പെടുകയും’ അവിടെ റോഹിങ്ക്യകളല്ലാത്തവരെ കുടിയിരുത്തുകയും ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു. മ്യാൻമറിന് ഈ ജനവിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ഉദ്ദേശ്യമുണ്ടായിരുന്നു എന്നത് മാത്രമാണ് ഇതിൽ നിന്ന് എത്തിച്ചേരാവുന്ന ‘ഏറ്റവും യുക്തിസഹമായ നിഗമനം’ എന്നും കോടതി വ്യക്തമാക്കി.പലായനം ചെയ്തവർക്ക് അവരുടെ താമസസ്ഥലത്തേക്ക് ‘സുരക്ഷിതവും സ്വമേധയാ ഉള്ളതും മാന്യവുമായ’ തിരിച്ചുവരവ് അനുവദിക്കാനും സഹായിക്കാനും മ്യാൻമാറിനോട് കോടതി ഉത്തരവിട്ടു. വംശഹത്യ നടത്തിയെന്ന് സംശയിക്കുന്ന ഏതൊരാളെയും അന്വേഷിച്ച് ശിക്ഷിക്കണമെന്നും പിന്നീട് തീരുമാനിക്കുന്ന നഷ്ടപരിഹാരം നൽകണമെന്നും ജഡ്ജിമാർ മ്യാൻമാറിനോട് ആവശ്യപ്പെട്ടു. റോഹിങ്ക്യൻ വിഭാഗത്തിന് നൽകേണ്ട നഷ്ടപരിഹാരത്തിന്റെയും മറ്റ് പരിഹാരനടപടികളുടെയും അളവും രീതികളും അന്താരാഷ്ട്ര നീതിന്യായ കോടതി തീരുമാനിക്കും.
അതേസമയം വിധി നടപ്പിലാക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് നേരിട്ടുള്ള മാർഗമില്ല. മ്യാൻമാറിലെ ഭരണാധികാരികൾ ഐസിജെ ഉത്തരവുകൾ പാലിക്കുമോ എന്നത് കണ്ടറിയണം. വംശഹത്യ നടന്ന സമയത്ത് മ്യാൻമർ സൈന്യത്തെ നയിച്ചിരുന്ന മിൻ ഓങ് ഹ്ലെയിംഗാണ് നിലവിൽ മ്യാൻമർ പ്രസിഡന്റ്. ഓങ് സാൻ സ്യൂചിയെ അട്ടിമറിച്ച് 2021-ലാണ് അദ്ദേഹം അധികാരത്തിലേറിയത്.
