ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി:ക്ഷേത്രങ്ങളിലും മറ്റ് മതപരമായ ചടങ്ങുകളിലും മൃഗബലി നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് വിക്രം നാഥ്, ആർ. മഹാദേവൻ, അപരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് പൊതുതാൽപ്പര്യ ഹർജി തള്ളിയ ഉത്തരവ് പുറപ്പെടുവിച്ചത്. അഭിഭാഷകയായ ശ്രുതി ബിഷ്ടാണ് ഹർജി സമർപ്പിച്ചിരുന്നത്. കേസിലെ വിശദമായ ഉത്തരവ് പുറത്തുവന്നാല്‍ മാത്രമേ കോടതിയുടെ നിരീക്ഷണങ്ങള്‍ വ്യക്തമാകൂ.

മതപരമായ ചടങ്ങുകളിൽ മൃഗങ്ങളെ കൊല്ലുന്നത് തടയാൻ നിർദേശങ്ങൾ നൽകുക, ഈ ആചാരത്തിനെതിരെ നടപടിയെടുക്കാൻ അധികാരികൾക്ക് ഉത്തരവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർജി സമർപ്പിച്ചത്. ആദ്യ ഘട്ടത്തിൽ മതപരമായ ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി മൃഗങ്ങളെ കൊല്ലുന്നത് കുറഞ്ഞുവന്നിരുന്നെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ പല ഭാഗങ്ങളിലും മൃഗബലി തുടരുകയാണെന്ന് ഹർജിയിൽ വാദിച്ചു.

ഹിന്ദു മതഗ്രന്ഥങ്ങളുടെ യഥാർഥ അന്തസത്ത അനുസരിച്ച് ‘ബലി’ എന്നത് മനുഷ്യനിലെ അജ്ഞതയെയും അഹങ്കാരത്തെയും ത്യജിക്കുന്നതിന്‍റെ പ്രതീകമാണെന്നും മൃഗങ്ങളെ കൊല്ലുന്നതല്ല അർത്ഥമാക്കുന്നതെന്നും ഹർജിക്കാർ വാദിച്ചു. കൂടാതെ, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശവും ഹർജിയിൽ ചൂണ്ടിക്കാട്ടി.ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം ഏതൊരാളെയും പോലെ മൃഗങ്ങൾക്കും ബാധകമാണ്. അനിയന്ത്രിതമായ മൃഗവധം ഗുരുതരമായ പൊതുജനാരോഗ്യ അപകടങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. ശാസ്ത്രീയവും പാരിസ്ഥിതികവും ഭരണഘടനാപരവുമായ ആശങ്കകളും ഹർജിക്കാരൻ ഉന്നയിച്ചു. ഹിമാലയൻ മേഖല, വടക്കുകിഴക്കൻ ഇന്ത്യ, ഒഡീഷയുടെയും പശ്ചിമ ബംഗാളിന്‍റെയും ചില ഭാഗങ്ങൾ, മഹാരാഷ്ട്ര, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലെ രീതികളെയാണ് ഇത് പരാമർശിച്ചത്.

മൃഗബലിയെ നേരിടുന്നതിന് ശക്തമായ നിയമങ്ങൾ, പൊതുജന അവബോധ പ്രചാരണങ്ങൾ, സർക്കാരിതര സംഘടനകളുമായുള്ള സഹകരണം എന്നിവയുൾപ്പെടെ സമഗ്രമായ ഒരു സമീപനം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഈ വർഷം മാർച്ചിൽ ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ഈ ഹർജി നേരത്തെ പരിഗണനയ്ക്ക് വന്നിരുന്നു. തുടർന്ന് ഹർജി പരിഗണിച്ച കോടതി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിൽ നിന്ന് പ്രതികരണം തേടിയിരുന്നു. നവംബർ 18-ന് വാദം കേട്ട ശേഷം ബെഞ്ച് ഈ ഹർജി തള്ളുകയായിരുന്നു.1968-ലെ സംസ്ഥാന മൃഗബലി നിരോധന നിയമപ്രകാരം കേരളത്തിലെ ക്ഷേത്രങ്ങളിലോ പരിസരത്തോ ആരാധനയുടെ ഭാഗമായി മൃഗങ്ങളെയോ പക്ഷികളെയോ ബലി അർപ്പിക്കുന്നത് നിയമപരമായി നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ച് മൃഗബലി നടത്തിയാൽ മൂന്നു മാസം തടവുശിക്ഷയും 300 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം. ബലി നടത്തുന്നതും, അതിന് നേതൃത്വം നൽകുന്നതും, സഹായിക്കുന്നതും, ക്ഷേത്രഭൂമി ബലിക്കായി വിട്ടുനൽകുന്നതും നിയമപ്രകാരം ശിക്ഷാർഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *