കൊച്ചി: കേരളത്തില്‍ ഡിജെ പാര്‍ട്ടികള്‍ക്കും നൈറ്റ് ലൈഫിനുമെതിരേ പോലിസ് സ്വീകരിക്കുന്ന നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി. സംഗീതം കേള്‍ക്കുന്നതും ബാറുകളില്‍ നൃത്തം ചെയ്യുന്നതും ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെടുത്താനാകില്ലെന്നും ഇത്തരം പരിപാടികള്‍ പൂര്‍ണമായി നിരോധിക്കുന്നത് പ്രായോഗികമല്ലെന്നും കോടതി നിരീക്ഷിച്ചു.ജസ്റ്റിസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ ഡിജെ പരിപാടികള്‍ക്ക് സമയനിയന്ത്രണം ഏര്‍പ്പെടുത്താനാകില്ലെന്ന നവംബര്‍ 10ലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
ഡിജെ പരിപാടികളെ മാത്രം ലക്ഷ്യമിടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഡിജെ ഒരു തൊഴിലാണ്. ബാറുകളില്‍ മദ്യം വിളമ്പുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലാത്തപ്പോള്‍ അവിടെ സംഗീതം കേള്‍ക്കുന്നതിനും നൃത്തം ചെയ്യുന്നതിനും എങ്ങനെ വിലക്കേര്പ്പെടുത്താനാകുമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു.നൃത്തം ചെയ്യുന്നതും സംഗീതം ആസ്വദിക്കുന്നതും ലഹരിമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുമെന്ന് എങ്ങനെ പറയാനാകുമെന്നും മതപരമായ ചടങ്ങുകളിലും ആരാധനാലയങ്ങളിലും ആളുകള്‍ നൃത്തം ചെയ്യുന്നില്ലേയെന്നും കോടതി ചോദിച്ചു. യഥാര്‍ഥ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പകരം ഡിജെ പാര്‍ട്ടികളെക്കുറിച്ചുള്ള മുന്‍വിധികളുടെ അടിസ്ഥാനത്തിലാണ് പോലിസ് നടപടികളെന്നും കോടതി നിരീക്ഷിച്ചു.ലഹരിമരുന്ന് ഉപയോഗമോ അമിത മദ്യപാനമോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടായാല്‍ നിയമപ്രകാരം നടപടിയെടുക്കാന്‍ പോലിസിന് അധികാരമുണ്ട്. എന്നാല്‍ ഇത്തരം നിയമലംഘനങ്ങള്‍ ഡിജെ പാര്‍ട്ടികളില്‍ മാത്രമല്ല നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മതപരമായ ആഘോഷങ്ങള്‍ ഉള്‍പ്പെടെ നിയമലംഘനം നടക്കുന്ന ഏത് സാഹചര്യത്തിലും പോലിസ് നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി.കേരളത്തില്‍ നൈറ്റ് ലൈഫ് വേണ്ടെന്നാണോ പോലിസ് നിലപാടെന്നും കോടതി ചോദിച്ചു. സിനിമയ്ക്ക് പോകുന്നതും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതുമല്ലാതെ രാത്രിയില്‍ ആളുകള്‍ക്ക് മറ്റെന്താണ് ചെയ്യാനുള്ളതെന്നും കോടതി പരാമര്‍ശിച്ചു. നൈറ്റ് ലൈഫ് നിരോധിക്കാന്‍ പോലിസിന് കഴിയില്ലെന്നും വ്യക്തമാക്കി.ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കുന്നതിന് നിലവില്‍ പ്രത്യേക നിയമമുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഇത്തരം പരിപാടികള്‍ നടത്തുന്നതിന് എന്തൊക്കെ നിയമങ്ങളും ലൈസന്‍സുകളുമാണ് ആവശ്യമെന്ന് വ്യക്തമാക്കാനും നിര്‍ദേശിച്ചു. കേസ് നവംബര്‍ 20ന് വീണ്ടും പരിഗണിക്കും.കൊച്ചിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ എക്സൈസ് വകുപ്പിന്റെ അനുമതിയോടെ പുലര്‍ച്ചെ മൂന്ന് മണിവരെ ബാര്‍ പ്രവര്‍ത്തിക്കാമെന്നിരിക്കെ, രാത്രികാല ഡിജെ പരിപാടികള്‍ക്ക് പോലിസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കേസിന് ആധാരം. പോലിസ് നല്കിയ നോട്ടിസുകള്‍ നവംബര്‍ 10ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.അതേസമയം, ലഹരിമരുന്ന് ഉപയോഗം തടയുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതിന് പോലിസിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലഹരിമരുന്നുകള്‍ക്കും നിരോധിത വസ്തുക്കള്‍ക്കുമെതിരായ പരിശോധനകളും നടപടികളും ശക്തമായി തുടരണമെന്നും കോടതി നിര്‍ദേശിച്ചു.
