അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രം പൊളിക്കൽ;പ്രതിരോധമന്ത്രാലയത്തോട് അന്തിമ തീരുമാനമെടുക്കാന്‍ അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ഝാന്‍സിയിലെ കന്റോണ്‍മെന്റ് ബോര്‍ഡിന്റെ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രം നീക്കം ചെയ്യുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രതിരോധമന്ത്രാലയത്തോട് നിര്‍ദേശിച്ച് അലഹബാദ് ഹൈക്കോടതി. നാല് ആഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളണമെന്നാണ് പ്രതിരോധമന്ത്രാലത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ജസ്റ്റിസ് അജിത് കുമാര്‍, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. ഈ വിഷയത്തില്‍ ആവശ്യമായ മറുപടി നേടാനും അടുത്ത സിറ്റിങ്ങിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് പി സിങ്ങിനോട് കോടതി ആവശ്യപ്പെട്ടു.കന്റോണ്‍മെന്റ് ബോര്‍ഡിന്റെ ഭൂമിയില്‍ നിന്ന് അനധികൃത ക്ഷേത്രനിര്‍മാണം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൗരവ് അഗര്‍വാള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ഉത്തരവ്.

മതപരമായ നിര്‍മിതി നീക്കം ചെയ്യുന്നതില്‍ പ്രതിരോധമന്ത്രാലയം അടുത്ത നാല് ആഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കട്ടെ,’ ഉത്തരവില്‍ ബെഞ്ച് നിരീക്ഷിച്ചു.വാദം കേള്‍ക്കുന്നതിനിടെ, ആവശ്യമായ അനുമതി ലഭിക്കുന്നതിനായി ഹര്‍ജിക്കാരന്റെ കത്ത് പൂനെയിലെ ഡിഫന്‍സ് എസ്റ്റേറ്റ്സ് സൗത്ത് കമാന്‍ഡിന്റെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് പ്രോപ്പര്‍ട്ടീസ് ഡയറക്ടര്‍ ജനറലിന് കൈമാറിയതായി കോടതിയെ അറിയിച്ചു

നേരത്തെ, ഓഗസ്റ്റ് 21ന് നടന്ന വാദത്തിനിടെ, 1971ലെ പൊതുസ്ഥലങ്ങളില്‍ നിന്നുള്ള അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കല്‍ നിയമത്തിലെ (Public Premises (Eviction of Unauthorised Occupants) Act) അഞ്ചാം വകുപ്പ് പ്രകാരം സംസ്ഥാന ഉദ്യോഗസ്ഥന്‍ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചതായി എതിര്‍കക്ഷികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കന്റോണ്‍മെന്റ് ബോര്‍ഡിന്റെ അധീനതയിലുള്ള സ്ഥലത്തെ ക്ഷേത്രനിര്‍മിതി അനധികൃതമാണെന്ന് കണ്ടെത്തിയ ഉത്തരവില്‍, അത് നീക്കം ചെയ്യാനും നിര്‍ദേശിച്ചിരുന്നു.കേസില്‍ അടുത്ത വാദം ഡിസംബര്‍ ഒമ്പതിന് നടക്കുമെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *