ഗാന്ധി കുടുംബത്തിനെതിരെ വിവാദ പരാമർശങ്ങളും ആരോപണങ്ങളും ഉന്നയിച്ച ബിജെപി എംപി കങ്കണ റണാവത്തിനെതിരെ ഹിമാചല്‍ പ്രദേശില്‍ കേസ് രജിസ്റ്റർ ചെയ്തു.ഷിംല സ്വദേശി ക്യാപ്റ്റൻ അതുല്‍ ശർമ നല്കിയ പരാതിയിലാണ് നടപടി. കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ഷിംല എസ്പി ഗൗരവ് സിങ് അറിയിച്ചു.ഭാരതീയ ന്യായ സംഹിതയിലെ (BNS) 196, 353, 356 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.സോണിയ ഗാന്ധി, മനേക ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള ഗാന്ധി കുടുംബാംഗങ്ങളെ ലക്ഷ്യമിട്ടുള്ള കങ്കണയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് പരാതിക്ക് ആധാരം. ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹമാണെന്നും ഇന്ദിര ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണങ്ങള് യാദൃച്ഛികമല്ലെന്നും സോണിയ ഗാന്ധിയെ സംശയത്തിന്റെ നിഴലില്‍ നിർത്തുന്ന തരത്തിലുമായിരുന്നു കങ്കണയുടെ പരാമർശങ്ങള്‍.സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ Belonging: A Journey of Love പുറത്തിറങ്ങിയ സാഹചര്യത്തിലായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകള്‍.1981 കാലഘട്ടത്തിലെ ഒരു പഴയ കുടുംബവിരുന്നിന്റെ വീഡിയോ വീണ്ടും പ്രചരിച്ചതിന് പിന്നാലെയായിരുന്നു വിവാദ പരാമർശങ്ങള്‍. വീഡിയോയില്‍ ഇന്ദിര ഗാന്ധി, സോണിയ ഗാന്ധി, മനേക ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കുന്നതാണ് കാണുന്നത്. ദൃശ്യങ്ങളിലെ മനേക ഗാന്ധിയുടെ പെരുമാറ്റവും കുടുംബാംഗങ്ങളുടെ പ്രതികരണങ്ങളും വ്യാഖ്യാനിച്ചാണ് കങ്കണ ആരോപണങ്ങള്‍ ഉന്നയിച്ചത്.സഞ്ജയ് ഗാന്ധിയുടെ മരണത്തിനും ഇന്ദിര ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കും പിന്നാലെ മനേക ഗാന്ധി കുടുംബത്തില്‍ ഒറ്റപ്പെട്ടുവെന്നും കങ്കണ അവകാശപ്പെട്ടു. സോണിയ ഗാന്ധി എങ്ങനെയാണ് ഗാന്ധി കുടുംബത്തില്‍ ഇത്രയധികം സ്വാധീനമുള്ള വ്യക്തിയായി മാറിയതെന്നും അവർ ചോദിച്ചു.1980 ജൂണിലാണ് വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധി മരിച്ചത്. 1984 ഒക്ടോബറില്‍ ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 1991 മേയില്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍ടിടിഇയുടെ ചാവേർ ആക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.കങ്കണയുടെ പരാമർശങ്ങള്‍ രാഷ്ട്രീയ വിമർശനത്തിന്റെ പരിധി കടന്നതാണെന്നാണ് പരാതിക്കാരനായ അതുല്‍ ശർമയുടെ ആരോപണം. ഇത്തരം പോസ്റ്റുകള്‍ പൊതുജനങ്ങളില്‍ ശത്രുത വളർത്താനും പൊതുസമാധാനം തകർക്കാനും സാധ്യതയുണ്ടെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ഭീതിയും ആശങ്കയും സൃഷ്ടിക്കാൻ ശ്രമിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമര്‍ശം; കങ്കണ റണാവത്തിനെതിരേ ഹിമാചല്‍ പ്രദേശില്‍ കേസ്
