നിയമസഭാ കയ്യാങ്കളി കേസ്: ‘നിയമസഭ മുൻ സെക്രട്ടറി വിസ്താരത്തിനായി നേരിട്ട് ഹാജരാകണം’; തിരുവനന്തപുരം സിജെഎം കോടതി

നിയമസഭാ കയ്യാങ്കളിക്കേസില്‍ മുൻ നിയമസഭാ സെക്രട്ടറി ശാര്‍ങ്ധരൻ നേരിട്ട് കോടതിയില്‍ ഹാജരായി മൊഴി നല്‍കണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു.ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഓണ്‍ലൈൻ വഴി വിസ്താരത്തിന് അനുമതി തേടി ശാര്‍ങ്ധരൻ സമർപ്പിച്ച അപേക്ഷ കോടതി തള്ളി.കേസിലെ ഒന്നാം സാക്ഷിയാണ് മുൻ നിയമസഭാ സെക്രട്ടറി ശാര്‍ങ്ധരൻ. ആരോഗ്യപ്രശ്നങ്ങള്‍ കാരണം നേരിട്ട് കോടതിയിലെത്തി മൊഴി നല്‍കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഓണ്‍ലൈൻ വിസ്താരത്തിന് അനുമതി തേടി അദ്ദേഹം കോടതിയെ സമീപിച്ചത്.എന്നാല്‍, ഓണ്‍ലൈൻ വിസ്താരം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പ്രധാനപ്പെട്ട രേഖകള്‍ സാക്ഷിയുടെ സാന്നിധ്യത്തില്‍ നേരിട്ട് പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു.ഓണ്‍ലൈൻ വഴി വിസ്താരം നടത്തിയാല്‍ നടപടികളില്‍ ആവശ്യമായ കൃത്യത ഉറപ്പാക്കാനാകില്ലെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ കോടതിയെ അറിയിച്ചു.പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ച കോടതി ഓണ്‍ലൈൻ വിസ്താരത്തിനുള്ള അപേക്ഷ തള്ളുകയായിരുന്നു. അടുത്ത മാസം ഒന്നിന് ശാര്‍ങ്ധരൻ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *