ന്യൂഡല്‍ഹി: വിമാനക്കമ്പനി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അധിക്ഷേപങ്ങള്‍ക്കും മോശം പെരുമാറ്റങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പ്രത്യേക പരാതി പരിഹാര സംവിധാനവും വിമാനയാത്രാ ചട്ടങ്ങളും രൂപീകരിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോടും നിര്‍ദേശിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരത്തിലുള്ള അനാദരവോ അനീതിയോ നേരിടേണ്ടി വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തെ നിലവിലുള്ള സിവില്‍, ക്രിമിനല്‍ നിയമവഴികള്‍ ഉപയോഗിച്ച് പരാതിപ്പെടാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അമിത് മഹാജന് അടങ്ങിയ ബെഞ്ചാണ് യാത്രക്കാരുടെ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രധാന വിധി പ്രസ്താവിച്ചത്.
നിയമങ്ങളും ചട്ടങ്ങളും തയ്യാറാക്കേണ്ടത് അതത് ഭരണഘടനാ സ്ഥാപനങ്ങളുടെയും അതോറിറ്റികളുടെയും ചുമതലയും നയപരമായ ഭരണകാര്യവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരമുള്ള റിട്ട് അധികാരം ഉപയോഗിച്ച്, ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു എന്ന ഒറ്റക്കാരണത്താല്‍ സര്‍ക്കാരിനോട് പ്രത്യേക രീതിയിലുള്ള അച്ചടക്ക ചട്ടങ്ങളോ നിയമങ്ങളോ നിര്‍മ്മിക്കാന്‍ ഉത്തരവിടാന്‍ ഹൈക്കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് അമിത് മഹാജന് വ്യക്തമാക്കി.
ശാലിനി തിവാരി എന്ന യാത്രക്കാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക ഉത്തരവ്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് തന്നോട് അശ്ലീലവും അധിക്ഷേപകരവുമായ ഭാഷയില്‍ സംസാരിച്ചുവെന്നും, ജീവനക്കാരനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ എയര്‍ലൈന്‍ തയ്യാറായില്ലെന്നും കാണിച്ചാണ് അവര്‍ കോടതിയെ സമീപിച്ചത്. വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ്സില്‍ (CAR) കര്‍ശന അച്ചടക്ക വ്യവസ്ഥകള്‍ ഉണ്ടെങ്കിലും, ജീവനക്കാരുടെ അതിക്രമങ്ങള്‍ക്കെതിരെ വിമാനക്കമ്പനികള്‍ക്കായി സമാനമായ പ്രത്യേക നിബന്ധനകള്‍ ഇല്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു
മുമ്പ് ഇതേ വിഷയം ഉന്നയിച്ച് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചപ്പോള്‍ വിഷയം പരിശോധിച്ച് 30 ദിവസത്തിനകം തീരുമാനമെടുക്കാന്‍ ഡിജിസിഎയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2026 ജൂലൈ 20-ന് ഡിജിസിഎ അയച്ച മറുപടിയില്‍, പരാതിക്കാരിയുടെ പരാതിയിന്മേല് എയര്‍ലൈന്‍ ആവശ്യമായ തിരുത്തല്‍ നടപടികളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ കമ്പനിക്കെതിരെ വീണ്ടും പ്രത്യേക നടപടിയെടുക്കാന്‍ ഉത്തരവിടേണ്ടതില്ലെന്നും, പരാതിക്കാരിക്ക് തൃപ്തികരമല്ലെങ്കില്‍ മറ്റ് നിയമവഴികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി
