ബെംഗളൂരു: തഹസിൽദാർ 300ലധികം മാതളനാരങ്ങ തൈകൾ വെട്ടിനശിപ്പിച്ച കോലാറിലെ തർക്കഭൂമിയിലേക്ക് സർക്കാർ ഉദ്യോഗസ്ഥർ പ്രവേശിക്കുന്നതിനും അവിടെ തുടർനടപടികൾ സ്വീകരിക്കുന്നതിനും കർണാടക ഹൈക്കോടതി വിലക്കേർപ്പെടുത്തി. ദീപാവലി അവധിക്കാലത്ത് തിങ്കളാഴ്ച അടിയന്തര ഹർജി പരിഗണിച്ച ജസ്റ്റിസ് കെ.വി. അരവിന്ദ്, അധികൃതർ ഇത്രയും തിടുക്കത്തിൽ നടപടി സ്വീകരിച്ചതിനെ ചോദ്യം ചെയ്തു. നടപടി കുറച്ചുദിവസം വൈകിയിരുന്നെങ്കിൽ ‘ആകാശം ഇടിഞ്ഞുവീഴുമായിരുന്നില്ലെ’ന്നും അദ്ദേഹം നിരീക്ഷിച്ചു
കോലാർ താലൂക്കിലെ ടിപ്പനഹള്ളി സ്വദേശിനി ടി.എൻ. മോണിക്കയാണ് ഹർജി സമർപ്പിച്ചത്. തർക്കത്തിലുള്ള ഭൂമി വെമഗൽ–കുരുഗൽ ടൗൺ പഞ്ചായത്ത് പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്. നവംബർ 7ന്, തഹസിൽദാർ പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സർക്കാർ ജീവനക്കാരുടെയും അകമ്പടിയോടെ ഭൂമിയിലെത്തി മുൻകൂർ അറിയിപ്പില്ലാതെ 300-ലധികം മാതളനാരങ്ങച്ചെടികൾ വെട്ടിനശിപ്പിച്ചെന്നാണ് ഹർജിക്കാരിയുടെ ആരോപണം
നവംബർ 15, 16 തീയതികളിൽ തന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നതിനാൽ അതിനുശേഷം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ അത് പരിഗണിച്ചില്ലെന്നും അവർ വ്യക്തമാക്കി. കൃഷി നിയമവിധേയമാക്കുന്നതിനായി 2023ൽ സമർപ്പിച്ച അപേക്ഷ അധികൃതർ ഇതുവരെ പരിഗണിച്ചുതീർന്നിട്ടില്ലെന്നും കോടതിയെ അറിയിച്ചു.കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ തർക്കഭൂമിയുമായി ബന്ധപ്പെട്ട് സർക്കാർ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് കോടതി നിർദേശിച്ചു. ഭൂമിയിലേക്ക് സർക്കാർ ഉദ്യോഗസ്ഥർ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി. സംഭവത്തിൽ സംസ്ഥാന സർക്കാരിനും ജില്ലാ ഭരണകൂടത്തിനും കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
