ഭാര്യയെ ‘സ്റ്റുപ്പിഡ്’, ‘യൂസ്‌ലെസ്’ എന്ന് വിളിച്ചത് മാത്രം ക്രൂരതയായി കാണാനാവില്ല; സുപ്രിംകോടതി

ന്യൂഡല്‍ഹി: ഭാര്യയെ ‘സ്റ്റുപ്പിഡ്’ എന്നോ ‘യൂസ്‌ലെസ്’ എന്നോ വിളിച്ചുവെന്നത് മാത്രം നിയമപരമായി ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് സുപ്രിംകോടതി. ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെതിരെ രജിസ്റ്റര്‍ ചെയ്ത സ്ത്രീധനപീഡന, ആത്മഹത്യാപ്രേരണ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. ആരോപണങ്ങള്‍ക്ക് മതിയായ തെളിവുകളില്ലെന്നും ഭര്‍ത്താവിന്റെ പെരുമാറ്റവും ഭാര്യയുടെ ആത്മഹത്യയും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.കാനഡയിലെ ടൊറന്റോയില്‍ കഴിയുകയായിരുന്ന സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. കേസ് റദ്ദാക്കാന്‍ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് ഭര്‍ത്താവ് സുപ്രിംകോടതിയെ സമീപിച്ചത്.

2021 ജനുവരി മൂന്നിനായിരുന്നു പ്രതിയും സ്ത്രീയും തമ്മിലുള്ള വിവാഹം. 2022 ഫെബ്രുവരിയില്‍ ദമ്പതികള്‍ ടൊറന്റോയിലേക്ക് താമസം മാറി. 2023 ജൂണ്‍ 11ന് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ 22-ാം നിലയില്‍നിന്ന് ചാടി യുവതി ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. ഒരു വര്‍ഷത്തിലേറെയായി ജോലി ലഭിക്കാത്തതില്‍ നിരാശയിലാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നുമാണ് കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്.വിവാഹത്തിന് മുമ്പ് 15 പവന്‍ സ്വര്‍ണവും വിവാഹശേഷം ആദ്യ ദീപാവലിക്ക് സ്വര്‍ണമോതിരവും വളയും പിന്നീട് മൂന്ന് പവന്‍ സ്വര്‍ണവും സ്ത്രീധനമായി ആവശ്യപ്പെട്ടെന്നായിരുന്നു യുവതിയുടെ പിതാവിന്റെ പരാതി. ഭര്‍ത്താവ് മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ‘സ്റ്റുപ്പിഡ്’, ‘യൂസ്‌ലെസ്’ എന്നിങ്ങനെ വിളിച്ചിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2023 ജൂണ്‍ 30ന് മഹാരാഷ്ട്രയിലെ സത്താറ പൊലീസ് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരത, ഗാര്‍ഹികപീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവിനെതിരെ കേസെടുത്തു. എന്നാല്‍ ടൊറന്റോ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഗാര്‍ഹികപീഡനത്തിന്റെയോ ബലപ്രയോഗത്തിന്റെയോ തെളിവുകള്‍ കണ്ടെത്തിയിരുന്നില്ല. സംഭവസമയത്ത് ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു

സ്ത്രീധനം ആവശ്യപ്പെട്ടതിന് തെളിവുകളില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനെയോ കുടുംബാംഗങ്ങളെയോ കുറിച്ച് പരാമര്‍ശമില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ‘സ്റ്റുപ്പിഡ്’, ‘യൂസ്‌ലെസ്’ എന്നിങ്ങനെ വിളിച്ചെന്ന ആരോപണം ശരിയാണെന്ന് പ്രാഥമികമായി അംഗീകരിച്ചാല്‍ പോലും അത് മാത്രം ആത്മഹത്യക്ക് പ്രേരണയാകുന്ന ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ല. പൊതുവായ ആരോപണങ്ങള്‍ മാത്രം ക്രിമിനല്‍ നടപടികള്‍ തുടരാന്‍ മതിയാകില്ലെന്നും പ്രത്യേക സംഭവങ്ങളും തെളിവുകളും വേണമെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഭര്‍ത്താവിനെതിരായ എഫ്ഐആറും തുടര്‍നടപടികളും റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *