പനാജി: 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികവർഗ (ST) വിഭാഗങ്ങൾക്ക് രാഷ്ട്രീയ സംവരണം ഏർപ്പെടുത്തുന്നതിനുള്ള വഴിയൊരുക്കാൻ ഗോവ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പട്ടികവർഗ ജനസംഖ്യാ കണക്കുകൾ കണ്ടെത്തുന്ന നടപടി തടഞ്ഞുകൊണ്ട് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.
2026-ന് ശേഷം നടക്കുന്ന ആദ്യ ഔദ്യോഗിക സെൻസസിന് അല്ലാതെ, മറ്റേതെങ്കിലും അടിസ്ഥാനത്തിൽ പട്ടികവർഗ ജനസംഖ്യാ കണക്കുകൾ നിർണയിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതിയുടെ പനാജി ബെഞ്ച്, പട്ടികവർഗ ജനസംഖ്യാ കണക്കുകൾ വിജ്ഞാപനം ചെയ്യുന്നതിൽ നിന്ന് സെൻസസ് കമ്മീഷണറെ കഴിഞ്ഞ ആഴ്ച വിലക്കിയിരുന്നു
ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് നീക്കം ചെയ്യാൻ സർക്കാർ ശ്രമിക്കുമെന്നും, ബുധനാഴ്ചയ്ക്കകം സുപ്രീം കോടതിയിൽ ‘സ്പെഷ്യൽ ലീവ് പെറ്റീഷൻ’ (SLP) ഫയൽ ചെയ്യുമെന്നും ഗോവ എൻ.ആർ.ഐ (NRI) കമ്മീഷണർ നരേന്ദ്ര സവൈക്കർ പിടിഐയോട് പറഞ്ഞു. നിയമസഭാ മണ്ഡലങ്ങൾ സംവരണം ചെയ്യുന്ന നടപടിക്രമങ്ങൾ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് തടസപ്പെടാൻ സാധ്യതയുണ്ടായ സാഹചര്യത്തിൽ, നിയമപരമായ പരിഹാരങ്ങൾ തേടുന്നതിനായി നിയമസഭാ സ്പീക്കർ ഗണേഷ് ഗാവോങ്കർ, കലാ-സാംസ്കാരിക മന്ത്രി രമേഷ് തവാദ്കർ, നരേന്ദ്ര സവൈക്കർ എന്നിവരടങ്ങുന്ന ഗോവയിലെ നേതാക്കളുടെ സംഘം തിങ്കളാഴ്ച തന്നെ ദേശീയ തലസ്ഥാനത്തേക്ക് പുറപ്പെട്ടു.ഗോവയിലെ നിയമസഭാ മണ്ഡലങ്ങളിലെ പട്ടികവർഗക്കാരുടെ പ്രാതിനിധ്യം പുനഃനിർണയിക്കുന്നതിനുള്ള നിയമം, 2025′ (Readjustment of Representation of Scheduled Tribes in Assembly Constituencies of the State of Goa Act, 2025)-ൻ്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ, ജസ്റ്റിസുമാരായ വാൽമീകി മെനെസെസ്, അമിത് എസ്. ജംസാൻഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇടക്കാല സ്റ്റേ ഉത്തരവിട്ടു.
2025 ഓഗസ്റ്റിൽ പാർലമെൻ്റ് പാസാക്കുകയും 2026 ഓഗസ്റ്റിൽ പ്രാബല്യത്തിൽ വരികയും ചെയ്ത ഈ നിയമം, ഗോവയിലെ പട്ടികവർഗത്തിൻ്റെ ജനസംഖ്യ നിർണയിക്കുന്നതിനും, ഈ വിഭാഗത്തിന് രാഷ്ട്രീയ സംവരണം ഉറപ്പാക്കുന്നതിനായി നിയമസഭാ മണ്ഡലങ്ങൾ പുനഃനിർണയിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു.നിലവിലുള്ള വിവരങ്ങൾ ഉപയോഗിച്ച് ഇപ്പോഴത്തെ ജനസംഖ്യ കൃത്യമായി വിലയിരുത്താൻ കഴിയില്ലെന്ന് സമ്മതിക്കുമ്പോഴും, 2001-ലെ സെൻസസിനെ അടിസ്ഥാനമാക്കി ഗോവയിലെ ആകെ ജനസംഖ്യയുടെ 9.9 ശതമാനം പട്ടികവർഗ (ST) വിഭാഗക്കാരാണെന്ന് അനുമാനിച്ച സെൻസസ് കമ്മീഷണറുടെ തീരുമാനത്തെ കോടതി ചോദ്യം ചെയ്തു. 2001-ലെ സെൻസസ് പ്രകാരം ഗോവയിലാകെ 566 പട്ടികവർഗക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, എന്നാൽ അതിനുശേഷം 2003 ജനുവരിയിൽ കുൻബി, ഗൗഡ, വേലിപ് എന്നീ വിഭാഗങ്ങളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.2027-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഗോവയിലെ നാല് നിയമസഭാ മണ്ഡലങ്ങൾ പട്ടികവർഗ (ST) വിഭാഗത്തിനായി സംവരണം ചെയ്യാനുള്ള നീക്കത്തിൽ, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്നു. ഗോവയിലെ പട്ടികവർഗ വിഭാഗത്തിന് രാഷ്ട്രീയ സംവരണം ഏർപ്പെടുത്തണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ് നിലവിലുള്ളത്. സംസ്ഥാന നിയമസഭയിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്ന് ഗോത്രവർഗ സംഘടനകളും സമുദായ നേതാക്കളും ആവശ്യപ്പെടുന്നുണ്ട്.
