എപ്സ്റ്റീന്റെ ജന്മദിനത്തിന് കത്തയച്ചെന്ന റിപ്പോര്‍ട്ട്; വാള്‍ സ്ട്രീറ്റ് ജേണലിനെതിരായ ട്രംപിന്റെ കേസ് കോടതി തള്ളി

വാഷിങ്ടണ്‍: ലൈംഗിക അതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെട്ട വ്യവസായി ജെഫ്രി എപ്സ്റ്റീന് ജന്മദിനത്തിന് താന്‍ കത്തയച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘വാള്‍ സ്ട്രീറ്റ് ജേണലി’നെതിരെ നല്‍കിയ കേസ് കോടതി തള്ളി. കേസ് ഇനി മാറ്റം വരുത്തി വീണ്ടും ഫയല്‍ ചെയ്യാനോ കഴിയാത്ത വിധമാണ് കോടതി തള്ളിയിരിക്കുന്നത്.നേരത്തെ ഏപ്രിലിലും ഈ കേസ് കോടതി തള്ളിയിരുന്നു. എന്നാല്‍ അന്ന് ട്രംപിന് തന്റെ പരാതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസ് പൂര്‍ണ്ണമായും തള്ളപ്പെട്ടതോടെ, ഇതില്‍ ഇനി മാറ്റങ്ങള്‍ വരുത്താനോ പുതിയതായി ഫയല്‍ ചെയ്യാനോ സാധിക്കില്ല.അപകീര്‍ത്തിക്കേസുകളില്‍ പൊതുപ്രവര്‍ത്തകര്‍ തെളിയിക്കേണ്ട ‘യഥാര്‍ത്ഥ ദുരുദ്ദേശ്യം’ എന്ന ഉയര്‍ന്ന നിയമപരമായ മാനദണ്ഡം സ്ഥാപിക്കുന്നതില്‍, ട്രംപ് ഭേദഗതി വരുത്തിയ പരാതിയും പരാജയപ്പെട്ടുവെന്ന് വിലയിരുത്തിയാണ് ജഡ്ജി ഡാരിന്‍ പി. ഗെയ്ല്‍സ് കേസ് തള്ളിയത്.‘പ്രതികള്‍ ‘യഥാര്‍ത്ഥ ദുരുദ്ദേശ്യത്തോടെ’ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന് വിശ്വസനീയമായ രീതിയില്‍ സ്ഥാപിക്കാന്‍ ട്രംപിന് സാധിച്ചിട്ടില്ല, അതിനാല്‍ ഭേദഗതി ചെയ്ത പരാതി തള്ളേണ്ടതുണ്ട്,’ എന്ന് വിധിയില്‍ പറയുന്നു. ട്രംപ് തന്റെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നടത്തുന്ന രണ്ടാമത്തെ ശ്രമമാണിതെന്നതിനാല്‍, കേസ് പൂര്‍ണ്ണമായും തള്ളിക്കളയുന്നത് ഉചിതമാണെന്ന് കോടതി കരുതുന്നുവെന്നും ഉത്തരവില്‍ പറയുന്നു.എപ്സ്റ്റീന്, ട്രംപ് അശ്ലീലച്ചുവയുള്ള ഒരു കത്ത് അയച്ചു എന്ന് ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെതിരെയാണ് ട്രംപ് വാള്‍സ്ട്രീറ്റ് ജേണലിനെതിരെ കേസ് കൊടുത്തത്. താന്‍ അത്തരമൊരു കത്ത് അയച്ചിട്ടില്ലെന്നും, അത് കെട്ടിച്ചമച്ചതാണെന്നും ട്രംപ് വാദിച്ചു.എന്നാല്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തനത്തിലെ ശരിയായ മാനദണ്ഡങ്ങള്‍ അവര്‍ പാലിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ട്രംപിന്റെ പ്രതികരണം തേടാന്‍ പത്രം ശ്രമിച്ചിരുന്നു. ട്രംപിന്റെ നിഷേധക്കുറിപ്പ് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വാള്‍ സ്ട്രീറ്റ് ജേണല്‍ മാധ്യമപ്രവര്‍ത്തനത്തിലെ ശരിയായ മാനദണ്ഡങ്ങള്‍ പാലിച്ചു എന്നതിന്റെ തെളിവായി കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *