ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അസം ഖാനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ഇഡി

സമാജ് വാദി പാര്‍ട്ടി നേതാവും യുപി മുന്‍ മന്ത്രിയുമായ അസം ഖാനെ ജയില്‍ മോചിതനായതിന് പിന്നാലെ വീണ്ടും കസ്റ്റഡിയിലെടുത്ത് ഇഡി.ജാമ്യം നേടി റാംപൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇഡി സംഘം അസം ഖാനെ കസ്റ്റഡിയിലെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി. മുസ്‌ലിമായതിന്റെ പേരിലാണോ തന്നെ വേട്ടയാടുന്നതെന്ന് അസം ഖാന്‍ ചോദിച്ചു. ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് സമാജ് വാദി പാര്‍ട്ടിയും ആരോപിച്ചു.78കാരനായ അസം ഖാന്‍ 2025 നവംബര്‍ മുതല്‍ റാംപൂര്‍ ജയിലിലാണ്. രണ്ട് പാന്‍ കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ അസം ഖാനും മകന്‍ അബ്ദുല്ല അസം ഖാനും അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 29നായിരുന്നു കോടതി ഉത്തരവ്. ശനിയാഴ്ച ജയിലില്‍നിന്ന് പുറത്തിറങ്ങിയ അസം ഖാനെ ഉടന്‍തന്നെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ ഇഡി സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മകന്‍ അബ്ദുല്ല അസം ഖാന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി.

കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിച്ച അസം ഖാന്‍, തനിക്കെതിരായ നടപടികളെ ചോദ്യം ചെയ്തു. ‘ഇനി എന്താണ് പറയാനുള്ളത്? ഒരു മുസ്‌ലിമായതാണോ ശിക്ഷ? ഒരു മുസ്‌ലിം സര്‍വകലാശാല സ്ഥാപിച്ചതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്. കുട്ടികള്‍ക്കായി സ്‌കൂളുകള്‍ നിര്‍മിച്ചതും കുറ്റമാണോ?’ അദ്ദേഹം ചോദിച്ചു.എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അസം ഖാനെതിരെ കള്ളക്കേസുകള്‍ ചുമത്തി വീണ്ടും വീണ്ടും ജയിലിലടയ്ക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് അദ്ദേഹം ആരോപിച്ചു. അധികാരത്തിലിരിക്കുന്നവര്‍ കാലം മാറുമ്പോള്‍ അധികാരവും മാറുമെന്ന് ഓര്‍ക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. പ്രായമായ ഒരാളെ നിസാരമായ കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കേസില്‍ അസം ഖാനെ ഇന്ന് ഗാസിയാബാദിലെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് ഇഡിയുടെ നീക്കം. റാംപൂരിലെ മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം. സര്‍വകലാശാല നിര്‍മാണത്തിനായി പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച സര്‍ക്കാര്‍ ഫണ്ട് വകമാറ്റിയെന്നാണ് ഇഡിയുടെ ആരോപണം.കേസുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടെ 1170 കോടി രൂപ വിപണിമൂല്യം കണക്കാക്കുന്ന സ്വത്തുക്കള്‍ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. യുപി പൊലീസിന്റെ എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ആരംഭിച്ചത്. സര്‍വകലാശാലാ ക്യാംപസിലെ 38 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ റാംപൂര്‍ വികസന അതോറിറ്റി ജൂലൈയില്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍വകലാശാല അപ്പീല്‍ നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *