ന്യൂഡൽഹി: പ്രണയബന്ധം അവസാനിച്ചാൽ അതിന് മുമ്പ് പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാവില്ലെന്ന് സുപ്രിംകോടതി. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലെ ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. മലയാളിയായ എൻ.പി സന്തോഷ്കുമാർ ആണ് കോടതിയെ സമീപിച്ചത്.
പരസ്പര സമ്മതത്തോടെ മുന്നോട്ടുപോയി പിന്നീട് പരാജയപ്പെടുന്ന ബന്ധങ്ങളെ ക്രിമിനൽ കേസുകളാക്കി മാറ്റുന്ന സമീപകാലത്തെ പ്രവണത ആശങ്കാജനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ബന്ധം തകരുമ്പോൾ മുൻകാലത്തെ ശാരീരിക ബന്ധങ്ങളുടെ പേരിൽ പീഡനാരോപണം ഉന്നയിക്കപ്പെടുന്നത് പുരുഷന്റെ സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും പൂർണമായി ഇല്ലാതാക്കുമെന്നും, ഭാവിയിലെ വ്യാജ ആരോപണം ഭയന്ന് ഒരു ബന്ധത്തിൽ അനിശ്ചിതമായി തുടരാൻ പുരുഷൻ നിർബന്ധിതനാകുന്ന അവസ്ഥ ഉണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി
തുടക്കത്തിൽത്തന്നെ വഞ്ചനയും വ്യാജ വാഗ്ദാനങ്ങളും നൽകി സമ്മതം നേടിയെടുക്കുന്ന സാഹചര്യവും, ബന്ധം തകർന്നതിനുശേഷം മുൻകാലത്തെ ലൈംഗിക ബന്ധങ്ങളിൽ കുറ്റബോധം തോന്നുന്ന സാഹചര്യവും രണ്ടാണെന്ന് കോടതി പറഞ്ഞു. ബന്ധം തകർന്നതിനു ശേഷമുള്ള വിഷമമോ കുറ്റബോധമോ ഒരു ഉഭയസമ്മത ബന്ധത്തെ കുറ്റകൃത്യമാക്കുന്നില്ല. അത്തരം സാഹചര്യങ്ങളിൽ പ്രതിയുടെ സ്വാതന്ത്ര്യവും അന്തസും ഇല്ലാതാക്കുന്ന വിധത്തിൽ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.യഥാർഥ ലൈംഗികാതിക്രമവും ബലപ്രയോഗവും തെളിയുന്ന സംഭവങ്ങളിൽ കർശന നിയമനടപടികൾ അനിവാര്യമാണ്. എന്നാൽ, പരാജയപ്പെടുന്ന എല്ലാ ഉഭയസമ്മത ബന്ധങ്ങളെയും പീഡനമായി മാറ്റുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവത്തെത്തന്നെ ദുർബലപ്പെടുത്തുമെന്ന് ബെഞ്ച് വ്യക്തമാക്കി.
ആദ്യവിവാഹം മറച്ചുവെച്ച് കർണാടകയിലെ മൈസൂരിൽ വെച്ച് സന്തോഷ് കുമാർ തന്നെ രണ്ടാമത് വിവാഹം കഴിച്ചുവെന്നാരോപിച്ചാണ് കേസിലെ പരാതിക്കാരി കോടതിയെ സമീപിച്ചത്. 1996 മുതൽ 2003 വരെ ഒരുമിച്ച് താമസിച്ച കാലയളവിൽ ഭർത്താവ് തന്നെ വഞ്ചിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിലുണ്ടായിരുന്നു.എന്നാൽ, തനിക്കെതിരെയുള്ള ക്രിമിനൽ കേസുകൾ വ്യാജമാണെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സന്തോഷ് കുമാർ നൽകിയ ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന്, ഉത്തരവിനെ ചോദ്യംചെയ്ത് സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങളിൽനിന്ന് സന്തോഷ് കുമാറിനെ കോടതി ഒഴിവാക്കി.
