14 വയസുകാരനെ പിന്തുടര്‍ന്ന് ലൈംഗികമായി ശല്യം ചെയ്തു; 60-കാരന് രണ്ടു വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു

സ്‌കൂള്‍ പരിസരത്തുവെച്ച്‌ പതിനാലുകാരനെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യം ചെയ്ത കേസില്‍ 60-കാരന് രണ്ടു വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ.വെങ്കിടങ്ങ് കരുവന്തല നാരായണപറമ്പത്ത് വീട്ടില്‍ അനില്‍കുമാറിനെയാണ് (60) ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആർ. സുരേഷ് കുമാർ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ നാല് മാസം കൂടി അധിക തടവ് അനുഭവിക്കണം.2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടാനപ്പള്ളി പൊലീസ് സബ് ഇൻസ്‌പെക്ടർ സി.കെ. ജയകുമാർ ആദ്യഘട്ട അന്വേഷണം നടത്തിയ കേസില്‍ സബ് ഇൻസ്‌പെക്ടർ വിനീത് വി. അന്വേഷണം പൂർത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. വാടാനപ്പള്ളി പൊലീസ് സി.പി.ഒ. സൗമ്യക്ക് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 18 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവർ ഹാജരായപ്പോള്‍, എ.എസ്.ഐ. സിന്ധു എം.ആർ. കോടതി നടപടികള്‍ ഏകോപിപ്പിച്ചു.പ്രതിയായ അനില്‍കുമാറിനെതിരെ മറ്റു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളും നിലവിലുണ്ട്. മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലെ വിചാരണ ചാവക്കാട് പോക്‌സോ കോടതിയില്‍ പൂർത്തിയായിട്ടുണ്ട്. കൂടാതെ മറ്റു മൂന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകള്‍ കുന്നംകുളം കോടതിയുടെ പരിഗണനയിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *