അമിത് ഷാക്ക് എതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വിധി; കുറ്റവിമുക്തനാക്കി

അമിത് ഷാക്കെതിരായ അപകീർത്തി പരാമർശത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി കോടതി വിധി.കേസ് പരിഗണിച്ച സുല്‍ത്താൻപുരിലെ എംപി-എംഎല്‍എ കോടതി രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കി.അമിത് ഷാക്കെതിരായി നടത്തിയ കൊലയാളി പരാമർശത്തിലായിരുന്നു കേസ്. എന്നാല്‍ പരാമർശം അപകീർത്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് മാനനഷ്ടമുണ്ടാക്കുന്ന സ്വഭാവമുള്ളതല്ലെന്നും അമിത് ഷാക്കെതിരെ നിലനിന്നിരുന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്നായിരുന്നു കോടതിയില്‍ കോണ്‍ഗ്രസ് നേതാവിൻ്റെ അഭിഭാഷകൻ വാദിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വിധ പ്രസ്താവിച്ചത്.

ഇന്ന് കേസില്‍ വിധി വരുന്നതിനാല്‍ രാഹുല്‍ ഗാന്ധി കോടതിയിലെത്തിയിരുന്നു. ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് സുല്‍ത്താൻപുരിലേക്ക് പോകാനായെത്തിയ അദ്ദേഹത്തെ നൂറ് കണക്കിന് പാർട്ടി പ്രവർത്തകരും കോണ്‍ഗ്രസിൻ്റെ പ്രാദേശിക നേതാക്കളും ചേർന്നാണ് സ്വീകരിച്ചത്. വഴിമധ്യ പൂർവാഞ്ചല്‍ എക്സ്പ്രസ്‌വേയില്‍ വച്ച്‌ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് പരിക്കേറ്റിരുന്നില്ല. അദ്ദേഹം കോടതിയിലേക്ക് പോവുകയായിരുന്നു. അപകടത്തില്‍ പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *