കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ ഓഡിറ്റുകളിലെ പിഴവുകളിൽ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. കേസിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ സമർപ്പിച്ച മറുപടി സത്യവാങ്മൂലം തള്ളിക്കളഞ്ഞ കോടതി, ദേവസ്വത്തിന്റെ നടപടികളിൽ കടുത്ത ചോദ്യങ്ങൾ ഉയർത്തി. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിർണായക ഇടപടൽ.സോഫ്റ്റ്വെയർ നിർമ്മാണത്തിനായി ‘ലോജിക്കൽ സ്റ്റെപ്’ എന്ന കമ്പനിയെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്ന് കോടതി ആരാഞ്ഞു. വ്യക്തമായ ടെൻഡർ വിളിക്കാതെ ഇത്തരം നടപടികളിലേക്ക് കടക്കാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു. സോഫ്റ്റ്വെയർ വികസനത്തിനായി സ്വകാര്യ വ്യക്തി പണം മുടക്കാമെന്ന് അറിയിച്ചതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു. ദേവസ്വത്തിന് എന്തിനാണ് സ്വകാര്യ വ്യക്തിയുടെ പണം എന്നും, ഈ കമ്പനി ഇതിനുമുമ്പ് നടത്തിയിട്ടുള്ള സോഫ്റ്റ്വെയർ അപ്ഡേഷനുകൾ ഏതെല്ലാമാണെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ നാല് വർഷമായി ദേവസ്വത്തിൽ കൃത്യമായി ഓഡിറ്റിംഗ് നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കണക്കുകൾ അടിയന്തരമായി കൃത്യമാക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിന് നിർദ്ദേശം നൽകാൻ ഉത്തരവിട്ടു. ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന് കൃത്യവും വ്യക്തവുമായ മറുപടി നൽകാൻ ദേവസ്വം അഡ്മിനിസ്ട്രേറ്ററോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
