കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില് കോളിളക്കം സൃഷ്ടിച്ച കാഫിർ സ്ക്രീൻഷോട്ട് കേസില് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെകൂടി പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തു.കാഫിർ സ്ക്രീൻഷോട്ട് ഫേസ്ബുക്കില് ഷെയർ ചെയ്ത തൃശൂർ സ്വദേശിയും സിപിഎം അനുകൂല സൈബർ ഗ്രൂപ്പായ പോരാളി ഷാജിയുടെ അഡ്മിനുമായ വഹാബ്, നാദാപുരം സ്വദേശി അതുല്, തിരുവള്ളൂർ സ്വദേശി അതുല് പ്രസാദ് എന്നിവരെയാണ് പ്രതിചേർത്തത്. പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്കി മൂന്നുപേരെയും വിളിച്ചുവരുത്തി ചോദ്യംചെയ്ത് വിട്ടയച്ചു. ഇതുസംബന്ധിച്ച് കോടതിയില് റിപ്പോർട്ട് നല്കി.കാഫിർ സ്ക്രീൻഷോട്ട് കേസില് ഡിവൈഎഫ്ഐ പ്രവർത്തകരായ ജിതിൻ ഭാസ്കരൻ, റിബേഷ് രാമകൃഷ്ൻ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്. ഒന്നാംപ്രതി നിർമിച്ച കാഫിർ സ്ക്രീൻഷോട്ട് റെഡ് എൻകൗണ്ടർ എന്ന വാട്സ്ആപ്പ് കൂട്ടായ്മയില് പോസ്റ്റുചെയ്തത് റിബേഷാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. പിന്നാലെ അമ്പാടിമുക്ക് സഖാക്കള് ഉള്പ്പെടെ സിപിഎം അനുകൂല ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുകയായിരുന്നു.പ്രതികളില്നിന്ന് എസ്ഐടി പിടിച്ചെടുത്ത് വിദഗ്ധ പരിശോധനക്ക് അയച്ച മൊബൈല് ഫോണുകളില്നിന്നുളള ശാസ്ത്രീയ പരിശോധന വിവരങ്ങള് ഇതുവരെ ലഭിച്ചിട്ടില്ല. മെറ്റയില്നിന്ന് വിവരങ്ങള് ലഭിക്കാത്തതിനാല് കൂടുതല് പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ സംഘത്തിന് കഴിഞ്ഞിട്ടില്ല. മെറ്റയില്നിന്ന് വിവരങ്ങള് ലഭ്യമാക്കാൻ എസ്ഐടി കോടതിയില് അപേക്ഷ നല്കിയിട്ടുണ്ട്.
കാഫിര് സ്ക്രീൻഷോട്ട് കേസ്; പോരാളി ഷാജി അഡ്മിൻ ഉള്പ്പെടെ മൂന്ന് ഡിവൈഎഫ്ഐ പ്രവര്ത്തകര് കൂടി പ്രതികള്
