നേപ്പാളില്‍ ആചാരപ്രകാരമുള്ള വിവാഹം; പോക്സോ കേസില്‍ വിചാരണ നേരിട്ട യുവാവിനെ കോടതി വെറുതെവിട്ടു

നേപ്പാളിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട ആചാരപ്രകാരം വിവാഹം കഴിച്ചതിനു പിന്നാലെ കേരളത്തില്‍ പോക്സോ കേസില്‍ വിചാരണ നേരിട്ട മുപ്പതുകാരനായ ബൈജൂൻ ഹസാഡയെ ചാലക്കുടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി വെറുതെവിട്ടു.ഭാര്യക്ക് പ്രായപൂർത്തിയാകാൻ രണ്ടു മാസം ബാക്കിനില്‍ക്കെയായിരുന്നു വിവാഹം നടന്നത്. എന്നാല്‍ നേപ്പാളിലെ ഇവർ ഉള്‍പ്പെടുന്ന സമുദായത്തില്‍ പതിനാറാം വയസ്സില്‍ വിവാഹം അനുവദനീയമാണെന്ന കുടുംബത്തിന്റെ മൊഴിയും യാഥാർത്ഥ്യങ്ങളും പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.ഇരിങ്ങാലക്കുട തുമ്പൂരിലെ ഫാമില്‍ 12 വർഷമായി ജോലി ചെയ്തുവരികയാണ് ബൈജൂൻ. അവധിക്ക് നാട്ടില്‍ പോയ ഇയാള്‍ 2025 ഏപ്രില്‍ ഏഴിന് നേപ്പാളില്‍വെച്ചാണ് വിവാഹിതനായത്. ഓഗസ്റ്റില്‍ ഭാര്യയെയും കൂട്ടി തുമ്പൂരിലേക്ക് മടങ്ങിയെത്തി. തുടർന്ന് ഗർഭിണിയായ ഭാര്യക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് യുവതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്തുവന്നത്. ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് നിലവിലുള്ള നിയമമനുസരിച്ച്‌ പൊലീസ് പോക്സോ കേസെടുക്കുകയായിരുന്നു.

കേസിന്റെ തുടർനടപടികളില്‍ ഫാം ഉടമ ബാബുരാജ് വിഷയത്തില്‍ ഇടപെടുകയും അഡ്വ. കെ.എൻ. വിവേകാനന്ദൻ മുഖേന കേസിന്റെ നിയമവശങ്ങള്‍ കോടതിയിലെത്തിക്കുകയും ചെയ്തു. പോക്സോ നിയമപ്രകാരം ഇരയെ പ്രതിക്കൊപ്പം താമസിപ്പിക്കാൻ സാധിക്കാത്തതിനാല്‍ യുവതിയെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് യുവതിയുടെ അമ്മയെ നേപ്പാളില്‍നിന്ന് വരുത്തി ഇവർക്കായി വീട് വാടകയ്ക്കെടുത്ത് താമസസൗകര്യമൊരുക്കുകയായിരുന്നു. ഇവിടെവെച്ചാണ് യുവതി പ്രസവിച്ചത്.വിവാഹവും ഗർഭധാരണവും നേപ്പാളില്‍വെച്ചാണ് നടന്നതെന്നും തങ്ങളുടെ സമുദായത്തില്‍ 16-ാം വയസ്സില്‍ വിവാഹം കഴിക്കുന്നത് സാധാരണയാണെന്നും ഭാര്യയുടെ അമ്മ കോടതിയില്‍ വ്യക്തമാക്കി. ബൈജൂനെതിരെ പരാതിയില്ലെന്ന് ഭാര്യയും കോടതിയെ അറിയിച്ചു. കേസിന്റെ പ്രത്യേക സാഹചര്യങ്ങളും വാദങ്ങളും പരിശോധിച്ച്‌ കോടതി യുവാവിനെ കുറ്റമുക്തനാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *