മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീംകോടതിക്കു മുന്നില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചതിനെത്തുടർന്ന് അഭിഭാഷകരെ പൊലിസ് കസ്റ്റഡിയിലെടുത്തു.സുപ്രീംകോടതി ബാർ അസോസിയേഷന്റെയും മറ്റ് അഭിഭാഷക സംഘടനകളുടെയും ഇടപെടലിനെത്തുടർന്നാണ് ഇന്നലെ രണ്ടു മണിക്കൂറോളം നീണ്ട കസ്റ്റഡിക്കൊടുവില്‍ ഇവരെ വിട്ടയച്ചത്. കസ്റ്റഡിയിലെടുത്ത അഭിഭാഷരരെ യമുന സ്പോർട്സ് കോംപ്ലക്സിലേക്കാണു കൊണ്ടുപോയത്.വിഷയത്തില്‍ ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ ഇടപെടല്‍ അഭ്യർഥിച്ച് സുപ്രീംകോടതി ബാർ അസോസിയേഷനും സുപ്രീംകോടതി അഡ്വക്കറ്റ്സ് ഓണ്‍ റെക്കോർഡ് അസോസിയേഷനും പ്രത്യേക പ്രമേയങ്ങള്‍ സമർപ്പിച്ചിരുന്നു. അഭിഭാഷകരെ ഉടൻ മോചിപ്പിക്കാൻ ഡല്‍ഹി പൊലിസ് കമ്മീഷണർക്കു നിർദേശം നല്‍കിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റീസിന്റെ ഓഫിസ് പിന്നീട് അറിയിക്കുകയായിരുന്നു.
അഭിഭാഷകരെ കസ്റ്റഡിയിലെടുത്തു, ചീഫ് ജസ്റ്റീസ് ഇടപെട്ട് മോചിപ്പിച്ചു
തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നുവെന്നും മണ്ഡി ഹൗസിലേക്കു മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കെയാണ് പൊലിസ് ബലമായി കസ്റ്റഡിയിലെടുത്തതെന്നും കസ്റ്റഡിയിലായ സുപ്രീംകോടതി അഭിഭാഷകൻ ശശാങ്ക് സിംഗ് പറഞ്ഞു.
