മതം മാറിയ സഹോദരിമാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതിമതം മാറിയതിനെത്തുടർന്ന് പിതാവ് വീട്ടിൽ തടങ്കലിലാക്കിയെന്നാരോപിച്ച രണ്ട് സഹോദരിമാർക്ക് 12.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശ് സർക്കാരിനോട് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ച 2026 ഓഗസ്റ്റിലെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.ചീഫ് ജസ്റ്റിസ് അരുൺ ഭൻസാലിയും ജസ്റ്റിസ് ക്ഷിതിജ് ശൈലേന്ദ്രയും ഉൾപ്പെട്ട ബെഞ്ച്, സഹോദരിമാരെ പിതാവിന്റെ കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. എന്നാൽ, നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് വാദം ഉന്നയിക്കാൻ അവസരം നൽകിയിരുന്നില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.2026 ഓഗസ്റ്റ് ആറിനാണ് പ്രായപൂർത്തിയായ രണ്ട് സഹോദരിമാരെ വീട്ടിൽ നിയമവിരുദ്ധമായി തടങ്കലിൽവെച്ചെന്ന കണ്ടെത്തലിനെത്തുടർന്ന് പിതാവും ഉത്തർപ്രദേശ് സർക്കാരും ചേർന്ന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.തങ്ങൾ സ്വന്തം വിശ്വാസത്തിന്റെയും മനഃസാക്ഷിയുടെയും ആത്മീയ സംതൃപ്തിയുടെയും അടിസ്ഥാനത്തിലാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് സഹോദരിമാരായ അൻഷുവും ദിയയും കോടതിയെ അറിയിച്ചിരുന്നു. അൻഷു 2020ലും ദിയ 2021ലുമാണ് ഇസ്ലാം മതം സ്വീകരിച്ചത്. നിർബന്ധം, വഞ്ചന, സമ്മർദം, അനാവശ്യ സ്വാധീനം, പ്രലോഭനം എന്നിവയിലൂടെയാണ് മതംമാറ്റമുണ്ടായതെന്ന ആരോപണങ്ങൾ ഇരുവരും നിഷേധിച്ചു.മതം മാറാനുള്ള തീരുമാനത്തെത്തുടർന്ന് പിതാവ് തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വീട്ടിൽ തടങ്കലിലാക്കിയെന്നായിരുന്നു സഹോദരിമാരുടെ പരാതി.ഇരുവരുമായും സംസാരിച്ചശേഷം അവരുടെ മറുപടികൾ സ്വാഭാവികവും വ്യക്തവും സംശയരഹിതവുമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. നിർബന്ധം, ഭയം, പ്രലോഭനം, അനാവശ്യ സ്വാധീനം എന്നിവയ്ക്ക് വഴങ്ങിയാണ് അവർ തീരുമാനമെടുത്തതെന്നതിന് തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.പ്രായപൂർത്തിയായ സ്ത്രീകൾക്ക് സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ പൂർണമായ നിയമപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സഹോദരിമാരെ മോചിപ്പിക്കാനും എട്ട് ആഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിരുന്നു.
മതം മാറിയ സഹോദരിമാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി
