കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിനു മുന്നോടിയായി രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ജനങ്ങളുടെ സഞ്ചാരത്തെ ബാധിക്കുന്ന രീതിയിൽ ഗതാഗത സൗകര്യങ്ങൾ പൂർണമായി നിർത്തിവയ്ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിഷേധിക്കാനും ഒത്തുചേരാനുമുള്ള ഭരണഘടനാപരമായ അവകാശം ഉയർത്തിപ്പിടിച്ച കോടതി, പ്രതിഷേധങ്ങൾ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടായിരിക്കണമെന്നും ഓർമിപ്പിച്ചു. ഡൽഹിയിലെ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കമുള്ളവർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.സമരം നേരിടാൻ ഡൽഹി അടച്ചിടരുതെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, ‘ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട’ എന്ന നിരീക്ഷണവും നടത്തി. എല്ലാം തടസ്സപ്പെടുന്ന സാഹചര്യമുണ്ടാകരുത്. എല്ലാവർക്കും പ്രതിഷേധിക്കാൻ സ്വാതന്ത്ര്യമുണ്ട്. പൊതുഗതാഗതം ഉപയോഗിക്കാനും അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദിവസേന യാത്ര ചെയ്യുന്ന സാധാരണക്കാർ, ചെറുപ്പക്കാർ, മുതിർന്ന പൗരന്മാർ എന്നിവരെ കടുത്ത നിയന്ത്രണങ്ങൾ ബാധിക്കുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി.
സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാകുമെന്നും കോടതി ചോദിച്ചു. റോഡുകൾ അടച്ചിടുന്നതു പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഏതെല്ലാം പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും എവിടെയൊക്കെ അവ ഒഴിവാക്കാനാകുമെന്നും കൃത്യമായി വിലയിരുത്താൻ നിർദേശിച്ചു. മെട്രോ ട്രെയിനുകളുടെ സർവീസുകൾ പൂർണമായി നിർത്തിവയ്ക്കുന്നതിനു പകരം, ട്രെയിനുകൾക്കിടയിലെ ഇടവേള വർധിപ്പിച്ച് സർവീസുകളുടെ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു.അതേസമയം, കഴിഞ്ഞ ജൂലൈയിൽ നടന്ന സിജെപി പ്രതിഷേധവും അന്നുണ്ടായ അക്രമസംഭവങ്ങളും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. റെയിൽവേ, മെട്രോ സ്റ്റേഷനുകളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാരുമായി ചർച്ച നടത്തുമെന്നും സാഹചര്യത്തിന് അനുയോജ്യമായ അനുപാതിക നടപടികൾ സ്വീകരിക്കുമെന്നും മേത്ത കോടതിയെ അറിയിച്ചു.
