മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തളളി ഹൈക്കോടതി

കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തളളി. വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിന്ന് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്.സാക്ഷികളുടെ ക്രോസ് വിസ്താരത്തിന് പ്രതികള്‍ക്ക് അവസരം ഉറപ്പാക്കാന്‍ കോടതി പ്രസോസിക്യൂഷന് നിര്‍ദ്ദേശം നല്‍കി. പ്രതികളുടെ അഭിഭാഷകരോട് കോടതിയുമായി സഹകരിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണ ലഭിക്കില്ലെന്ന് പ്രതികള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ 2018 ഫെബ്രുവരി 12-നാണ് സിപിഐഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആകാശ് തില്ലങ്കേരി അടക്കം 17 പേരാണ് കേസിലെ പ്രതികള്‍. വിചാരണയുമായി സഹകരിക്കാത്തതിന് പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു. കോടതി മാറ്റണമെന്ന ആവശ്യം തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

സുഹൃത്തിനൊപ്പം തട്ടുകടയിൽ ഇരിക്കുകയായിരുന്ന ഷുഹൈബിനെ കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ഷുഹൈബിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരായ ആകാശ് തില്ലങ്കേരി, പഴയപുരയിൽ രജിൽ രാജ്, കൃഷ്ണ നിവാസിൽ ദീപ്ചന്ദ്, മുട്ടിൽവീട്ടിൽ കെ. അഖിൽ, പുതിയപുരയിൽ പി.പി. അൻവർ സാദത്ത്, രജത് നിവാസിൽ കെ. രജത്ത്, കെ.വി. സംഗീത്, തയ്യുള്ളതിൽ ടി.കെ അസ്‌കർ, നിലാവിൽ സി. നിജിൽ, പി.കെ. അഭിനാഷ്, എ. ജിതിൻ, സാജ് നിവാസിൽ കെ. സഞ്ജയ്, എ.പി. സനീഷ്, മുട്ടിൽ എ.കെ. സുബിൻ, കെ. ബൈജു, കെ.പി. പ്രശാന്ത്, കേളോത്ത് വി. പ്രജിത്ത് എന്നിവരാണ് കേസിലെ പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *