കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിലെ മുഖ്യപ്രതി ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതിയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി ക്രൈംബ്രാഞ്ചിനോട് ആരാഞ്ഞു. ഡോ. റാമിന്റെ അറസ്റ്റ് വൈകുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. പൊലീസിന് ഇതില്‍ രണ്ട് നീതിയാണോ എന്നും കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്നും കോടതി പരാമര്‍ശിച്ചു. കേസിലെ ഒന്നാം പ്രതിയായ ഡോ. റാമിനെതിരെ ആത്മഹത്യാ പ്രേരണ, ജാതി അധിക്ഷേപം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. നിതിന്‍ രാജിന്റെ മരണത്തില്‍ കേസെടുത്തതിന് പിന്നാലെ റാം ഒളിവില്‍ പോകുകയായിരുന്നു. നേരത്തെ, എം.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. റാമിന്റേത് ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.തിരുവനന്തപുരം ഉഴമലക്കൽ സ്വദേശിയായ നിതിനെ ഏപ്രിൽ 10നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിതിൻ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ നിതിന്റെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി പിന്നീട് കുടുംബം രംഗത്തെത്തുകയായിരുന്നു. അധ്യാപകരിൽ നിന്ന് കടുത്ത ജാതി അധിക്ഷേപമായിരുന്നു നിതിൻ നേരിട്ടതെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് നടന്ന വ്യാപക പ്രതിഷേധങ്ങൾക്കു പിന്നാലെ ഡോ. റാമിനെ കോളേജ് മാനേജ്മെന്റ് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.
നിതിന്‍ രാജിന്റെ മരണം; ഡോ. റാമിനെ അറസ്റ്റു ചെയ്യാത്തതില്‍ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി
