പറവൂരില്‍ പ്രിയദർശനി ബസില്‍ പെണ്‍കുട്ടിയെ അപമാനിച്ചെന്ന പരാതിയില്‍ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്.മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന കെഎസ്‌ആർടിസി കണ്ടക്ടര്‍ക്കെതിരായ പരാതിയിലാണ് നടപടി വന്നത്. കണ്ടക്ടറെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുവായൂർ – എറണാകുളം റൂട്ടില്‍ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാൻ കഴിയില്ലെന്ന് കണ്ടക്ടർ പറയുകയായിരുന്നു. തുടർന്ന് “പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല” എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപമര്യാദയായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. യാത്രക്കാരില്‍ ചിലരും തങ്ങളോട് മോശമായി പെരുമാറിയെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പരാതിക്കാരിയെയും കണ്ടക്ടറെയും പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.പറവൂർ പൊലീസില്‍ ലഭിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കെഎസ്‌ആർടിസി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കെഎസ്‌ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തുകയും തുടർന്ന് സിഎംഡിയുടെ നിർദ്ദേശപ്രകാരം സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തു.
പറവൂരില്‍ പ്രിയദർശനി ബസില്‍ പെണ്‍കുട്ടിയെ അപമാനിച്ചെന്ന പരാതിയില്‍ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
