വ്യാജരേഖ ചമച്ച്‌ ദിവസവേതനം തട്ടിയെടുത്തു; കോളജ് അധ്യാപകന് രണ്ട് വര്‍ഷം കഠിനതടവ്

വ്യാജരേഖ ചമച്ച്‌ ശമ്പളം തട്ടിയെടുത്തെന്ന വിജിലന്‍സ് കേസില്‍ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ കോളജ് അധ്യാപകന് രണ്ട് വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും.പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ഥ കാമ്പസിലെ (സാറ്റ്) ഫിസിക്‌സ് മേധാവിയായിരുന്ന കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ഡോ. എൻ.കെ ദീപക്കിനെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജി കെ. രാമകൃഷ്ണന്‍ ശിക്ഷിച്ചത്. ആനന്ദതീര്‍ഥ കാമ്പസില്‍ 2008 കാലയളവില്‍ ഫിസിക്‌സ് വകുപ്പിന്റെ തലവനായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ സാമ്പത്തികലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തില്‍ വ്യാജ രേഖ ചമച്ച്‌ പണം തട്ടിയെടുത്തെന്നാണ് കേസ്.അസിസ്റ്റന്റ് പ്രഫസര്‍ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് 2008 ജൂണ്‍ 26-ന് വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കി. പിന്നീട് വ്യാജരേഖ ചമച്ച്‌ നിയമനം നടത്തിയതായി സര്‍വകലാശാലയെ തെറ്റിദ്ധരിപ്പിക്കുകയും ഡി. വിനോദ് കുമാര്‍ എന്നയാളുടെ വ്യാജ ഒപ്പ് രേഖപ്പെടുത്തി ശമ്പളം തട്ടിയെടുത്തുവെന്നുമാണ് കേസ്.സംഭവം നടന്ന് 18 വര്‍ഷത്തിന് ശേഷമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഡിവെഎസ്പിയായിരുന്ന വി. മധുസൂദനന്‍, ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *