കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് റിമാൻഡിലായ സിപിഎം നേതാക്കളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് കോടതിയില്‍ അപേക്ഷ സമർപ്പിക്കും.ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ഗിരീഷ്, എലത്തൂർ ജെട്ടി റോഡ് ബ്രാഞ്ച് അംഗം സി.പി ജലീല്‍ എന്നിവരെ മൂന്ന് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് കുന്ദമംഗലം കോടതിയില്‍ അപേക്ഷ സമർപ്പിക്കുന്നത്. മുക്കം സ്വദേശി സിറാജുദ്ദീനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തുകയാണ് പ്രധാനം. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. അഞ്ച് പ്രതികള്‍ ഉള്ള കേസില്‍ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്.വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2024 നവംബര്‍ 16ന് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സിറാജുദ്ദീന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോണ്‍ഗ്രസ് നേതൃത്വം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എസ്പി വിക്രമന്റെ നേതൃത്വത്തിലാണ് അന്വേഷണം. എം. ഗിരീഷിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം പറഞ്ഞു.അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും കള്ള പരാതിയിലാണ് പൊലീസ് കേസെടുത്തതെന്നും എം. ഗിരീഷ് പറഞ്ഞു. താന്‍ ക്രിമിനല്‍ കേസിന്റെ ഭാഗമായിട്ടില്ല. സിഐടിയു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോളാണ് തന്നെ കസ്റ്റഡിയിലെടുത്തത്. തെളിവുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കട്ടെ. എസ്ഐടിയെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ സിപിഎമ്മിനെ വേട്ടയാടുന്നുവെന്നും ഗിരീഷ് പറഞ്ഞു. ഈ കേസില്‍ തനിക്ക് പങ്കില്ലെന്ന് സി.പി ജലീലും പ്രതികരിച്ചു.
ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടയിലെ അക്രമം: പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും
