ആണ്‍കുട്ടികള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം മുടി വളര്‍ത്താം; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ആണ്‍കുട്ടികള്‍ക്കും തലമുടി വളര്‍ത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍.ലിംഗ നിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം മുടി വളര്‍ത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ശിക്ഷിക്കരുതെന്നും കമ്മീഷന്‍ പറഞ്ഞു.കണ്ണും മുഖവും മറയാത്ത രീതിയിലും വൃത്തിയോടെ സുരക്ഷിതമായും മുടി വളര്‍ത്താനുള്ള അവകാശം ആണ്‍കുട്ടികള്‍ക്കുണ്ട്. എന്നാല്‍ കായിക മത്സരങ്ങള്‍, പ്രാക്ടിക്കല്‍ ക്ലാസുകള്‍, ലബോറട്ടറി പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ നിര്‍ബന്ധമായും മുടി കെട്ടിവെക്കണമെന്നും കമ്മീഷന്‍ അംഗം പി. ഷാജേഷ് ഭാസ്‌കര്‍ ഉത്തരവിട്ടു.ആരോഗ്യത്തിന് ഹാനികരമാകുന്ന രാസവസ്തുക്കളോ കളറുകളോ മുടിയില്‍ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്നും ഉത്തരവില്‍ പറയുന്നു.തലമുടി വളര്‍ത്തുന്ന ആണ്‍കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ കുറ്റവാളികളായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാമനാട്ടുകര സ്വദേശി ഇന്ദു മേനോന്‍ ഹരജി നല്‍കിയിരുന്നു.പതിനൊന്നാം ക്ലാസുകാരനോട് മുടി വെട്ടി വരണമെന്ന് ആവശ്യപ്പെട്ടിട്ടും കുട്ടി അത് അനുസരിക്കാതെ വരുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളില്‍ മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലും ഹരജി സമര്‍പ്പിച്ചിരുന്നു. ഈ രണ്ട് ഹരജിയും പരിഗണിച്ച ശേഷമാണ് കമ്മീഷന്റെ ഉത്തരവ്.മുടി വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ആണ്‍കുട്ടികളെയും ലിംഗ നിര്‍ണയം നടത്താത്ത കുട്ടികളെയും ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്‌ഇയ്ക്കുമാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. കമ്മീഷന്റെ ശിപാര്‍ശയില്‍ 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.കുട്ടികളുടെ ബാഹ്യരൂപത്തെക്കാള്‍ അവരുടെ പഠനമികവിനും മറ്റു കഴിവുകള്‍ക്കും പ്രാധാന്യം നല്‍കുക. കുട്ടികളുടെ വ്യക്തിത്വവികാസത്തിനാണ് വിദ്യാലയങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മുടി നീട്ടി വളര്‍ത്തിയതിന്റെ പേരില്‍ ആണ്‍കുട്ടികളോ ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളോ ക്ലാസുകളില്‍ വിവേചനം നേരിടേണ്ടി വരരുതെന്നും കമ്മീഷന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *