ന്യൂഡൽഹി: സ്വകാര്യ-വാണിജ്യ വാഹനങ്ങളിൽ സീറ്റ് ബെൽറ്റുകൾ, കുട്ടികൾക്കുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ , ഫസ്റ്റ് എയ്ഡ് കിറ്റുകൾ എന്നിവ കർശനമായി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി. രാജ്യത്ത് നിലവിൽ കർശനമായ സുരക്ഷാ നിയമങ്ങളുണ്ടെന്നും എന്നാൽ അത് നടപ്പിലാക്കുന്നതിലാണ് പോരായ്മയെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.നിലവിലുള്ള നിയമങ്ങൾ പാലിക്കാത്തതും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പരിശോധനാ വീഴ്ചകളും ക്രമസമാധാന പരിപാലനത്തിന്റെയും ഗതാഗത അച്ചടക്കത്തിന്റെയും ഭാഗമാണ്. നിയമങ്ങൾ ആവർത്തിച്ചുകൊണ്ട് കോടതി ഒരു ഉത്തരവിറക്കിയതുകൊണ്ട് മാത്രം അത് താഴെത്തട്ടിൽ നടപ്പിലാവില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, ഹർജിക്കാരന് തന്റെ നിർദ്ദേശങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയത്തിന് സമർപ്പിക്കാവുന്നതാണെന്ന് വിലയിരുത്തി.പ്രമുഖ പ്രമേഹ ഗവേഷകനും ആരോഗ്യ വിദഗ്ദ്ധനുമായ ഡോ. ജ്യോതിദേവ് കേശവദേവ് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച റിട്ട് ഹർജിയാണ് കോടതി പരിഗണിച്ചത്. മൂന്നൂറിലധികം അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഭിഷഗ്വരനാണ് ഹർജിക്കാരനെന്ന് കോടതി പരാമർശിച്ചു. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 194 ബി, കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ ചട്ടം 138(3) എന്നിവ പ്രകാരം വാഹനം ഓടിക്കുന്ന ആളും മുൻസീറ്റിലുള്ളവരും മുന്നോട്ട് ദർശനമുള്ള പിൻസീറ്റുകളിലിരിക്കുന്നവരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കേണ്ടതുണ്ട്. നിശ്ചിത പ്രായത്തിന് താഴെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് അല്ലെങ്കിൽ ചൈൽഡ് റെസ്ട്രയിന്റ് സിസ്റ്റം ഉപയോഗിക്കണമെന്നും നിയമം നിഷ്കർഷിക്കുന്നുണ്ട്.എന്നാൽ ഭൂരിഭാഗം വാഹനങ്ങളിലും സീറ്റ് കവറുകൾ കൊണ്ടും മറ്റ് രൂപമാറ്റങ്ങൾ വരുത്തിയും സീറ്റ് ബെൽറ്റ് സോക്കറ്റുകൾ പ്രവർത്തനരഹിതമാക്കിയിരിക്കുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. നിയമങ്ങൾ നടപ്പാക്കുന്നതിൽ പൊലീസും എൻഫോഴ്സ്മെന്റ് ഏജൻസികളും കാട്ടുന്ന അനാസ്ഥയും യാത്രക്കാരുടെ നിരുത്തരവാദപരമായ സമീപനവും അപകടങ്ങളിൽപ്പെടുന്നവരുടെ മരണനിരക്ക് കുത്തനെ ഉയർത്താൻ കാരണമാകുന്നു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് നേരത്തെ നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹർജിക്കാരൻ പരമോന്നത കോടതിയെ സമീപിച്ചത്.ഹർജിയിലെ വാദങ്ങൾ പരിശോധിച്ച കോടതി, വാഹനങ്ങളിലെ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് രാജ്യത്ത് മതിയായ നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ടെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ യഥാർത്ഥ പ്രശ്നം നിയമങ്ങളുടെ അഭാവമല്ല, മറിച്ച് നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കാത്തതിലാണ്. യാത്രക്കാരുടെ അലംഭാവവും നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുന്നതിൽ ബന്ധപ്പെട്ട അധികൃതർ വരുത്തുന്ന വീഴ്ചയും തികച്ചും ട്രാഫിക് അച്ചടക്കവുമായി ബന്ധപ്പെട്ടതാണ്. നിയമത്തിലെ വ്യവസ്ഥകൾ ആവർത്തിച്ചുകൊണ്ട് കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചതുകൊണ്ട് മാത്രം നിയമം നടപ്പിലാകില്ലെന്ന് വിലയിരുത്തിയ കോടതി, പരാതിക്കാരന്റെ ശുപാർശകൾ പരിഗണിക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടുകൊണ്ട് ഹർജി തീർപ്പാക്കുകയായിരുന്നു.
സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി
