15 വയസ്സുള്ള ബലാല്‍സംഗ അതിജീവിതയുടെ 30 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി.15 വയസ്സുള്ള പെണ്‍കുട്ടിയെ, ലൈംഗിക അതിക്രമത്തിന്റെ ഫലമായി ഗര്‍ഭിണിയായതിനാല്‍ മാത്രം ‘അമ്മ’ എന്ന നിലയിലേക്ക് ചുരുക്കിക്കാണാനാകില്ലെന്നും കോടതി പറഞ്ഞു.ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഉണ്ടായ ഗര്‍ഭം തുടരാന്‍ അതിജീവിതയെ നിര്‍ബന്ധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള പെണ്‍കുട്ടിയുടെ അവകാശത്തെ ഹനിക്കുമെന്ന് കോടതി വ്യക്തമാക്കി.ഗര്‍ഭം തുടരുന്നത് കൂടുതല്‍ ശാരീരിക-മാനസിക ആഘാതങ്ങള്‍ ഉണ്ടാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ക്ഷേമത്തിനും താല്‍പര്യത്തിനും ഭരണഘടനാപരമായ പരിഗണന നല്‍കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.ശരീരസ്വാതന്ത്ര്യം, അന്തസ്, പ്രസവവുമായി ബന്ധപ്പെട്ട സ്വയംനിര്‍ണയാവകാശം എന്നിവയ്‌ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ താല്‍പര്യവും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു.ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും നടപടിക്കുള്ള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ക്രിമിനല്‍ കേസിലെ ഡിഎന്‍എ പരിശോധനയ്ക്കായി ഭ്രൂണ വസ്തു സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്റ്റിലെ സെക്ഷന്‍ 3 പ്രകാരം, നിയമപരമായ നിബന്ധനകള്‍ക്ക് വിധേയമായി 20 ആഴ്ചയ്ക്കു ശേഷവും 24 ആഴ്ച വരെയും ഗര്‍ഭഛിദ്രം നടത്തുന്നതിന് അനുവാദമുണ്ട്.
ഗര്‍ഭിണിയായതിനാല്‍ മാത്രം ‘അമ്മ’ എന്ന നിലയിലേക്ക് ചുരുക്കിക്കാണാനാകില്ല: അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നല്‍കി കോടതി
