നിയമസഭ കയ്യാങ്കളി കേസില്‍ അഡ്വ. എ. സന്തോഷ് കുമാറിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നിയമനം.2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടതാണ് കേസ്. നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചെന്നതടക്കമുള്ള കുറ്റങ്ങളാണ് കേസില്‍ പ്രതികളായ അന്നത്തെ എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. മുൻ മന്ത്രി വി. ശിവൻകുട്ടി ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍.കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിന് നേരത്തെ കോടതിയില്‍ തിരിച്ചടി നേരിട്ടിരുന്നു. തുടർന്ന് വിചാരണ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.അഡ്വ. എ. സന്തോഷ് കുമാർ നേരത്തെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ടിട്ടുണ്ട്.നിയമസഭ കയ്യാങ്കളി കേസില്‍ അടുത്ത ദിവസം തിരുവനന്തപുരം സിജെഎം കോടതിയില്‍ നടപടികള്‍ നടക്കാനിരിക്കെയാണ് പുതിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം. കേസിലെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് നിർദേശമുണ്ട്.
നിയമസഭ കയ്യാങ്കളി കേസ്; അഡ്വ. എ. സന്തോഷ് കുമാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
