പാലക്കാട്: ദലിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ പ്രശോഭ് വത്സന്‍റെ ജാമ്യം കോടതി നിഷേധിച്ചു. മണ്ണാർക്കാട് എസ്.ഐ.ടി കോടതിയാണ് ഇത്രയും ഗുരുതരമായ തെറ്റ് ചെയ്ത ഒരാൾക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിച്ചത്.മാത്രമല്ല, പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്ന് മെയ് 27 നാണ് പ്രശോഭ് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മാർച്ച് 27 നായിരുന്നു ദലിത് യുവതി പാലക്കാട് ടൗൺ സൗത്ത് പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഇത് രാഷ്ട്രീയ വിവാദമായതോടെ ഡി.സി.സി നേതൃത്വം പ്രശോഭിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ബലാത്സംഗം, എസ്.സി.എസ്.ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സന്‍റെ ജാമ്യം നിഷേധിച്ച് കോടതി
