ഐഫോണ്‍ വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തകരാറിലാകുകയും, പലതവണ സർവീസ് ചെയ്തിട്ടും പ്രശ്നത്തിന് പരിഹാരം കാണാതിരിക്കുകയും ചെയ്ത സംഭവത്തില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാൻ സുപ്രധാന ഉത്തരവ്.ഫോണ്‍ മാറ്റി നല്‍കണമെന്ന ഉടമയുടെ ആവശ്യം കമ്പനി നിരാകരിച്ചതോടെയാണ് തിരൂർ സ്വദേശിയായ ഫൈസല്‍ നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഒടുവില്‍ 1,09,250 രൂപ ഉപഭോക്താവിന് നല്കാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിടുകയായിരുന്നു.മകന്റെ പഠനാവശ്യങ്ങള്‍ക്കായി 2023 സെപ്റ്റംബർ 13നാണ് തിരൂർ പുറത്തൂർ ചേന്നര സ്വദേശി ഫൈസല്‍ ഐഫോണ്‍ 14 പ്ലസ് വാങ്ങിയത്. എന്നാല്‍ ഫോണ്‍ വാങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇതില്‍ തകരാറുകള്‍ കണ്ടുതുടങ്ങി. ഉപയോഗിക്കാൻ കഴിയാത്ത രീതിയില്‍ ഫോണ്‍ അമിതമായി ചൂടാകുന്നതും, മുൻ ക്യാമറയുടെ ക്ലാരിറ്റി തീരെ മോശമായതുമായിരുന്നു പ്രധാന പ്രശ്നങ്ങള്‍. ഒരു ഐഫോണിന്റെ അടിസ്ഥാന നിലവാരമില്ലാത്ത രീതിയിലായിരുന്നു ക്യാമറ പ്രവർത്തിച്ചിരുന്നത്.തകരാറുകള്‍ പരിഹരിക്കാൻ വേണ്ടി ഫൈസലും മകനും അഞ്ചാറു തവണയോളം അംഗീകൃത സർവീസ് സെന്ററില്‍ കയറിയിറങ്ങിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. പ്രശ്നം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തില്‍ ഫോണ്‍ മാറ്റി നല്‍കാനോ അല്ലെങ്കില്‍ പണം തിരികെ നല്‍കാനോ ഇവർ ആവശ്യപ്പെട്ടു. എന്നാല്‍ വാറൻ്റി കാലാവധിയിലായിരുന്നിട്ടും ഫോണ്‍ മാറ്റിനല്‍കാൻ കഴിയില്ലെന്നും, വീണ്ടും റിപ്പയർ ചെയ്ത് നല്കാമെന്നുമുള്ള നിഷേധാത്മക നിലപാടാണ് കമ്പനി അധികൃതർ സ്വീകരിച്ചത്. ഇതോടെയാണ് ഫൈസല്‍ നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.പരാതിക്കാരൻ്റെ വാദങ്ങള്‍ ശരിവെച്ച ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാൻ ഉത്തരവിടുകയായിരുന്നു. ഫോണും ചാർജറും ഉള്‍പ്പെടെയുള്ള അനുബന്ധ സാധനങ്ങളും വാങ്ങാൻ ചിലവായ 92,250 രൂപ കമ്പനി തിരികെ നല്‍കണം. ഇതിനുപുറമെ, ഉപഭോക്താവിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും മനോവിഷമത്തിനും നഷ്ടപരിഹാരമായി 10,000 രൂപയും, കേസ് ചിലവുകള്‍ക്കായി 7,000 രൂപയും നല്‍കാനും കോടതി ഉത്തരവിട്ടു. ഇതടക്കം ആകെ 1,09,250 രൂപയാണ് കമ്പനി നല്‍കേണ്ടത്.വിധി പ്രസ്താവിച്ച് 45 ദിവസത്തിനകം തുക നല്‍കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ കാലയളവിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ഒമ്പത് ശതമാനം വാർഷിക പലിശ സഹിതം തുക നല്‍കേണ്ടി വരും. വാറൻ്റി കാലയളവില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തകരാർ സംഭവിച്ചാല്‍ കോടതിയെ സമീപിക്കാൻ കാലതാമസമെടുക്കുമെന്ന് കരുതി പിന്മാറുന്ന ഉപഭോക്താക്കള്‍ക്ക് വലിയൊരു ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിധി. ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാൻ ഇത്തരം നിയമപോരാട്ടങ്ങള്‍ അനിവാര്യമാണെന്ന് കണ്‍സ്യൂമർ കോടതി ഈ വിധിയിലൂടെ ഓർമപ്പെടുത്തുന്നു.
തകരാറിലായ ഐഫോണ്‍ മാറ്റിനല്‍കിയില്ല; തിരൂര്‍ സ്വദേശിക്ക് 1.09 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി
