കുംഭമേളയ്ക്കായി നൂറ്റാണ്ടിലധികം പഴക്കമുള്ള മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന് ഉജ്ജയിനിലെ ചരിത്രപ്രസിദ്ധവും നൂറ്റാണ്ടിലധികം പഴക്കമുള്ളതുമായ ഷാഹി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നടപടി മധ്യപ്രദേശ് ഹൈക്കോടതി ശരിവെച്ചു. കോർപ്പറേഷന്റെ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ മസ്ജിദ് കമ്മിറ്റികൾ സമർപ്പിച്ച രണ്ട് ഹരജികളും തള്ളിയാണ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് സന്ദീപ് എൻ. ഭട്ടിന്റെ സിംഗിൾ ബെഞ്ചാണ് ഹരജികൾ തള്ളിയത്. 2028-ൽ നടക്കുന്ന സിംഹസ്ഥ കുംഭമേളയിൽ കോടിക്കണക്കിന് തീർഥാടകരെത്തും. ഗതാഗത സൗകര്യമൊരുക്കലും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് അനിവാര്യമായ പൊതുതാൽപ്പര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മസ്ജിദിന്റെ ഭാഗങ്ങൾ പൊളിക്കാൻ അനുമതി നൽകിയത്. ഇതേ പാതയിൽ പത്ത് ക്ഷേത്രങ്ങളുടെയും ഒരു മസ്ജിദിന്റെയും ഭാഗങ്ങൾ നേരത്തെ തന്നെ നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ നഗരത്തിൽ 80-ഓളം നിർമിതികൾക്കെതിരെ സമാന നടപടി സ്വീകരിച്ചിട്ടുള്ളതിനാൽ കോർപ്പറേഷൻ വിവേചനപരമായി പ്രവർത്തിച്ചുവെന്നോ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25, 26 എന്നിവ ലംഘിച്ചുവെന്നോ പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഉജ്ജയിൻ ഡെവലപ്മെന്റ് പ്ലാൻ 2035 പ്രകാരമാണ് റോഡ് വീതികൂട്ടൽ നടക്കുന്നത്. നോട്ടീസ് നൽകി പരാതികൾ കേൾക്കാനുള്ള അവസരം നൽകിയ ശേഷമാണ് കോർപ്പറേഷൻ തീരുമാനമെടുത്തതെന്നും കോടതി പറഞ്ഞു.ഷാഹി മസ്ജിദ് വഖഫ് പഞ്ചായത്ത് മോച്ചിയാൻ ഉൾപ്പെടെയുള്ള ഭരണസമിതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. നൂറ്റാണ്ടിലധികം പഴക്കമുള്ള പൈതൃക ആരാധനാലയമാണിത്. 15 മീറ്റർ വീതിയിൽ റോഡ് നിർമിക്കാനായി പള്ളിയുടെ പ്രാർഥനാ ഹാളിന്റെ (ജമാഅത്ത് ഖാന) ഒരു ഭാഗം, 120 അടി ഉയരമുള്ള മിനാരം, മസ്ഹർ ചൗക്ക് ഷാഹി എന്നിവ പൊളിച്ചുമാറ്റുന്നത് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.സിന്ധ്യ ഭരണകാലത്തെയും തുടർന്ന് 1985-ലെ സർക്കാർ ഗസറ്റിലെയും രേഖകൾ പള്ളിയുടെ സംരക്ഷണവും അതിരുകളും വ്യക്തമാക്കുന്നുണ്ടെന്നും, 1975-ൽ ഗതാഗത സൗകര്യത്തിനായി സ്ഥലം വിട്ടുനൽകിയിട്ടുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു. പള്ളി പൊളിക്കാതെ സമീപത്തെ ഒഴിഞ്ഞ ഭൂമി വഴിയോ പാർക്ക് വഴിയോ റോഡ് നിർമിക്കാമെന്ന ബദൽ നിർദേശവും ഹരജിക്കാർ മുന്നോട്ടുവെച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.പള്ളിയുടെ 10 ശതമാനത്തിൽ താഴെ വരുന്ന ഭാഗം മാത്രമാണ് നീക്കം ചെയ്യുന്നതെന്നും ഇതിന് നഷ്ടപരിഹാരമായി ഫ്‌ളോർ ഏരിയ റേഷ്യോ അല്ലെങ്കിൽ ടിഡിആർ നൽകുമെന്നും നഗരസഭ കോടതിയെ അറിയിച്ചു. കോടതി ഉത്തരവ് പുറത്തുവന്ന പശ്ചാത്തലത്തിൽ ക്രമസമാധാന പാലനത്തിനായി ഉജ്ജയിനിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *