ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം: കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളില്‍ നിന്നും തെറ്റായ ഉള്ളടക്കങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാൻ കർശന സുരക്ഷാ മാർഗ്ഗരേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.കുട്ടികള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ അവരെ സംരക്ഷിക്കാൻ ശക്തമായ ‘ഫയർവാളുകള്‍’ അത്യാവശ്യമാണെന്ന് കോടതി വാമൊഴിയായി നിരീക്ഷിച്ചു. ‘ജസ്റ്റ് റൈറ്റ്‌സ് ഫോർ ചില്‍ഡ്രൻ അലയൻസ്’ എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ മോശം ഉള്ളടക്കങ്ങളില്‍ നിന്ന് അകറ്റി നിർത്താൻ ഫലപ്രദമായ ഫില്‍ട്ടറിംഗ് സിസ്റ്റങ്ങളും പ്രായപരിധി പരിശോധിക്കാനുള്ള സംവിധാനങ്ങളും പ്ലാറ്റ്‌ഫോമുകളില്‍ ഇല്ല.ഡിജിറ്റല്‍ ആപ്പുകളുടെ അല്‍ഗോരിതം നിർദ്ദേശങ്ങള്‍ കാരണം കുട്ടികള്‍ വൈകാരികവും ലൈംഗികവുമായ ചൂഷണങ്ങള്‍, സൈബർ ബുള്ളിയിംഗ്, ഡാറ്റാ ദുരുപയോഗം എന്നിവയ്ക്ക് ഇരയാകുന്നുണ്ട്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മാതാപിതാക്കളുടെയോ രക്ഷാകർത്താക്കളുടെയോ അനുമതിയില്ലാതെ ഡിജിറ്റല്‍ സേവനങ്ങളുമായി കരാറുകളില്‍ ഏർപ്പെടുന്നത് തടയാൻ ഐ.ടി ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. ഇതിനായി ഇ-കെ.വൈ.സി നിർബന്ധമാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.വിഷയത്തില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐ.ടി മന്ത്രാലയത്തോടും ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികളോടും വിശദീകരണം തേടി സുപ്രീം കോടതി നോട്ടീസ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *