ജന്തര്‍മന്തറില്‍ പ്രതിഷേധിച്ച സിജെപി പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അതിക്രമത്തില്‍ ഹിന്ദുത്വ പ്രവര്ത്തകന് സ്വതന്ത്ര ഭരദ്വാജിനെതിരെ പരാതി നല്കിയ ദളിത് വിദ്യാര്‍ത്ഥിനി നിഷു ആസാദിനും പിതാവ് സഞ്ജയ് ആസാദിനുമെതിരെ പരാതി നല്കി സുപ്രീം കോടതി അഭിഭാഷക അമിത സച്ച്ദേവ.ശിവന്, ശ്രീകൃഷ്ണന്, സരസ്വതി തുടങ്ങിയ ഹിന്ദു ദേവതകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. ബിഎന്‍എസ് 299, 196 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം. ഡല്‍ഹി സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.അതേസമയം, നിഷു ആസാദിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ഡല്‍ഹിയിലെ വീട്ടിലേക്ക് അജ്ഞാതര്‍ കല്ലെറിഞ്ഞുവെന്ന് നിഷു പറയുന്നു. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ ഒരുക്കണമെന്നുമാണ് നിഷുവിന്റെ ആവശ്യം. കല്ലേറ് നടന്നതിന്റെ ദൃശ്യങ്ങള്‍ നിഷു പങ്കുവെച്ചിട്ടുണ്ട്. നിഷുവിന്റെ അച്ഛനെ മര്‍ദ്ദിച്ച കേസിലാണ് ഹിന്ദുത്വ പ്രവര്ത്തകന് സ്വതന്ത്ര ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.സിജെപി പ്രതിഷേധത്തിനിടെ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് ആസാദിനെ ആക്രമിച്ചെന്ന് അവകാശപ്പെട്ട് സ്വതന്ത്ര ഭരദ്വാജ് രംഗത്തെത്തിയിരുന്നു. ഡല്‍ഹി മന്ത്രി കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ സംരക്ഷണമുള്ളതിനാല്‍ ജയിലില്‍ പോയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യാത്തതില്‍ സിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉത്തർപ്രദേശ് പൊലീസിൻ്റെ സഹായത്തോടെയായിരുന്നു പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതായിരുന്നു നടപടി. പ്രതിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.സംഭവത്തില്‍ സ്വതന്ത്ര ഭരദ്വാജിന്റെ അനുയായികള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി പൊലീസ് സ്റ്റേഷന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
‘ഹിന്ദു ദൈവങ്ങളെ അപമാനിച്ചു’; നിഷു ആസാദിനും പിതാവിനുമെതിരെ പരാതി നല്കി സുപ്രീം കോടതി അഭിഭാഷക
