ഓണപ്പൂക്കളത്തിന്റെ ചിത്രം പങ്കുവച്ച്‌ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.ഓണപ്പൂക്കളം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് വിജേഷ് പങ്കുവെച്ച പോസ്റ്റ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പോസ്റ്റ് വിവാദമായതോടെ വിജേഷ് മണിക്കൂറുകള്‍ക്കകം നീക്കം ചെയ്തിരുന്നു. വിവാദ പോസ്റ്റ് സംബന്ധിച്ച്‌ മുസ്ലിം യൂത്ത് ലീഗ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. സേനയുടെ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിജേഷിനെതിരായ വകുപ്പുതല നടപടി.ഒരു വിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്നായിരുന്നു വിജേഷിനെതിരായ പരാതി. പഴയൊരു ദൃശ്യം വിജേഷ് കേരളത്തില്‍ നിന്നുള്ളതെന്ന വ്യാജേന പോസ്റ്റ് ചെയ്ത് വിദ്വേഷ പരാമര്‍ശം നടത്തുകയായിരുന്നു. ഒരു സ്ത്രീ പൂക്കളം കാലു കൊണ്ട് തട്ടിത്തെറിപ്പിച്ചു എന്ന വിധത്തിലാണ് വര്‍ഗീയച്ചുവയുള്ളതും അവഹേളനപരവുമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ തൊടുപുഴ പൊലീസിലും ആഭ്യന്തര മന്ത്രിക്കും യൂത്ത് ലീഗ് നേതാവ് കെ എം നിഷാദ് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *