അപ്പീൽ ഇല്ലേല്‍ കോടതിക്ക് സ്വമേധയാ ശിക്ഷ വർധിപ്പിക്കാനാവില്ല;സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാന സർക്കാരോ ഇരയോ പരാതിക്കാരോ ശിക്ഷാ വർധനവ് ആവശ്യപ്പെട്ട് അപ്പീൽ നൽകിയിട്ടില്ലെങ്കിൽ, അപ്പീൽ കോടതിക്ക് സ്വന്തം നിലയിൽ പ്രതിയുടെ ശിക്ഷ ഉയർത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും ഭാര്യയും സെക്യൂരിറ്റി ഗാർഡും കൊല്ലപ്പെട്ട കേസിൽ സഹപ്രതിയായ ഗോപിയുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി ഉയർത്തിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നിർണായക വിധി.സാധാരണ ജീവപര്യന്തം തടവുശിക്ഷയിൽ 14 വർഷത്തെ ജയിൽവാസത്തിന് ശേഷം ഇളവുകൾക്ക് അർഹതയുണ്ടെങ്കിലും, ശിഷ്ടകാലം മുഴുവൻ തടവ് എന്ന ശിക്ഷാവിധിയിലൂടെ ഇളവുകൾ പൂർണ്ണമായും തടയപ്പെടും. ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനോ ഇരകളോ അപ്പീൽ നൽകിയ സാഹചര്യമൊഴികെ, അപ്പീൽ കോടതികൾ സ്വമേധയാ ഇടപെട്ട് പ്രതിയുടെ ശിക്ഷ ഉയർത്തുന്നത് നിയമപരമല്ലെന്നും, അത് പ്രതിയെ അപ്പീൽ നൽകുന്നതിന് മുൻപുള്ള അവസ്ഥയേക്കാൾ മോശമായ സ്ഥിതിയിലേക്ക് തള്ളിവിടുമെന്നും ഉയർന്ന കോടതി ചൂണ്ടിക്കാട്ടി.കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ മലിക് മുഹമ്മദ്, ഭാര്യ ഖദീജ ബീവി, സുരക്ഷാ ജീവനക്കാരൻ ജ്ഞാനപ്രകാശം എന്നിവർ കൊല്ലപ്പെട്ട സംഭവത്തിലാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. തട്ടിപ്പ് കേസിൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന്‍റെ വൈരാഗ്യത്തിൽ മുൻ ഡ്രൈവർ അംബരശുവും കൂട്ടാളി ഗോപിയും ചേർന്ന് 2007 നവംബറിലാണ് ക്രൂരമായ കൊലപാതകങ്ങൾ നടത്തിയത്. മലിക് മുഹമ്മദിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ കാവൽക്കാരനെയും മലിക് മുഹമ്മദിനെയും വധിച്ച ശേഷം, ഖദീജ ബീവിയെ കാറിൽ തട്ടിയെടുത്ത് കൊണ്ടുപോയി തമിഴ്‌നാട്ടിലെ വില്ലുപ്പുറം ജില്ലയിലുള്ള ഒങ്കൂർ ഗ്രാമത്തിൽ വെച്ച് പെട്രോളും ഡീസലും ഒഴിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു.വിചാരണ കോടതി അംബരസുവിനു വധശിക്ഷയും ഗോപിക്ക് ജീവപര്യന്തം തടവും വിധിച്ചു. എന്നിരുന്നാലും, ഹൈക്കോടതി ഗോപിയുടെ ശിക്ഷ ജീവപര്യന്തം തടവിൽ നിന്ന് ജീവിതകാലം മുഴുവൻ തടവായി ഉയർത്തുകയായിരുന്നു. തുടർന്ന് സംസ്ഥാനമോ ഇരയോ പരാതിക്കാരനോ ശിക്ഷ വർധിപ്പിക്കുന്നതിനായി അപ്പീൽ സമർപ്പിച്ചിട്ടില്ലാത്തപക്ഷം ഗോപിയുടെ ശിക്ഷ വർധിപ്പിക്കുന്നതിനായി ഹൈക്കോടതി സ്വമേധയാ (സ്വന്തമായി) പുനഃപരിശോധനാ അധികാരപരിധി തെറ്റായി പ്രയോഗിച്ചുവെന്ന് സുപ്രീം കോടതി പറഞ്ഞു.”ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനമോ ഇരയോ പരാതിക്കാരനോ അപ്പീൽ നൽകിയിട്ടില്ലെങ്കിൽ, അപ്പീൽ കോടതിക്ക് സ്വന്തം നിലയ്ക്ക് പ്രതിയുടെ ശിക്ഷ വർധിപ്പിക്കാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രതി അപ്പീൽ ഫയൽ ചെയ്യുന്നതിന് മുൻപുണ്ടായിരുന്ന അവസ്ഥയേക്കാൾ മോശമായൊരു സ്ഥിതിയിലേക്ക് പ്രതിയെ എത്തിക്കാൻ വേണ്ടി ശിക്ഷ കൂട്ടി നൽകാൻ കോടതിക്ക് അധികാരമില്ലെന്നും” ബെഞ്ച് പറഞ്ഞു.”ശിക്ഷകൾ തുടർച്ചയായി നടപ്പിലാക്കാൻ നിർദ്ദേശിച്ചതിലൂടെ ഹൈക്കോടതി തെറ്റ് ചെയ്‌തുവെന്നും അതിനാൽ, ശിക്ഷകൾ ഒരേസമയം നടപ്പിലാക്കണമെന്ന് നിർദ്ദേശിക്കുന്നുവെന്നും” ബെഞ്ച് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *