വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം.നിർദേശങ്ങള്‍ പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി, നിങ്ങളുടെ പിന്നില്‍ ആരോ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു. കുറെ കേസുകള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ശശിധരന്റെ മറുപടി. അന്തിമ റിപ്പോർട്ട് നൽകാൻ സർക്കാർ മൂന്ന് ആഴ്ച സമയം ആവശ്യപ്പെട്ടു.ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥന് പാലിച്ചില്ല. ഒരു കേസില്‍ മാത്രമാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണത്തില്‍ വിമുഖത കാട്ടുന്നത് എന്തിനാണെന്നും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അവരെക്കൂടി വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നല്കി.ഇതിനിടെ നന്നായി തയ്യാറാക്കിയ കുറ്റപത്രം ആയിരിക്കും നല്‍കുന്നതെന്നും എസ്ഐടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ നിലപാട് ഗാലറിക്ക് വേണ്ടിയല്ലെന്ന് സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കി. ആരാണ് ഗാലറിക്ക് വേണ്ടി നിലപാടെടുക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പുല്‍പ്പള്ളി കേസിലെ കുറ്റപത്രം ഒരാഴ്ചയ്ക്കകം നല്‍കണമെന്നും നാല് കേസുകളിലെ തല്‍സ്ഥിതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
‘താങ്കളുടെ പിന്നിൽ ആരോ ഉണ്ട്’; വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാന്‍സ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ വിമർശനം
