ഹാഥറസ് പീഡനക്കേസ്: ഇരയുടെ കുടുംബത്തെ മൂന്ന് മാസത്തിനകം നോയിഡയിലോ ഗാസിയാബാദിലോ പുനരധിവസിപ്പിക്കണം- അലഹബാദ് ഹൈക്കോടതി

ഹാഥറസ് കൂട്ടബലാത്സംഗ-കൊലപാതക കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പുനരധിവാസത്തില്‍ ഉത്തർപ്രദേശ് സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി.കുടുംബത്തെ മൂന്ന് മാസത്തിനകം നോയിഡയിലോ ഗാസിയാബാദിലോ പുനരധിവസിപ്പിക്കാനും കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്‍കാനും ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് യുപി സർക്കാരിന് കർശന നിർദേശം നല്‍കി. ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.ഇരയുടെ കുടുംബത്തെ ഹാഥറസിന് പുറത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും ജോലി നല്‍കണമെന്നും 2022 ജൂലൈയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിന്മേല്‍ 2025 ഫെബ്രുവരി 22-ന് സംസ്ഥാന സർക്കാർ എടുത്ത തീരുമാനം കോടതി റദ്ദാക്കി.നോയിഡയോ ഗാസിയാബാദോ ആവശ്യപ്പെട്ട കുടുംബത്തിന് കാസ്ഗഞ്ച്, ഈറ്റ, അല്ലെങ്കില്‍ അലിഗഢ് എന്നീ ജില്ലകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനായിരുന്നു സർക്കാർ നല്‍കിയ ഓപ്ഷൻ. സർക്കാരിന്റെ ഈ നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി, സർക്കാരിന്റെ ഭാഗത്തുനിന്നും അനാവശ്യമായ തടസവാദങ്ങളാണ് ഉണ്ടാകുന്നതെന്ന് കുറ്റപ്പെടുത്തി.

സർക്കാർ നിർദേശിച്ച കാസ്ഗഞ്ച്, ഈറ്റ, അലിഗഢ് എന്നീ ജില്ലകള്‍ ഹാഥറസിന് തൊട്ടടുത്തായതിനാല്‍ കുടുംബത്തിന്റെ സുരക്ഷ വീണ്ടും ഭീഷണിയിലാകുമെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ മഹ്മൂദ് പ്രാച്ച കോടതിയെ അറിയിച്ചു. എന്നാല്‍ നോയിഡയിലും ഗാസിയാബാദിലും ബന്ധുക്കള്‍ താമസിക്കുന്നുണ്ട്. അവിടെ താമസമാക്കുന്നത് ഭയരഹിതമായി സാധാരണ ജീവിതം നയിക്കാൻ കുടുംബത്തെ സഹായിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.മൂന്ന് മാസത്തിനകം കുടുംബത്തെ നോയിഡയിലോ ഗാസിയാബാദിലോ പുനരധിവസിപ്പിക്കണം. അതിനുശേഷം 2022-ലെ ഉത്തരവ് പ്രകാരം കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നല്‍കണമെന്നും കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമർപ്പിക്കണം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ നവംബർ 30-ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *