‘കേസുകൾ റദ്ദാക്കാം,കുറ്റവാളികളുടേതൊഴികെ’; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള കേസുകൾ റദ്ദാക്കാമെന്ന് സുപ്രീംകോടതി. ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയുടെ പ്രശ്നമാണിത്. അതേസമയം, നേരത്തേ ഗുരുതര കുറ്റകൃത്യചരിത്രമുള്ളവർ പ്രതിഷേധങ്ങളിൽ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവർക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.നീറ്റ് പ്രതിഷേധങ്ങളിലെ സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ മുൻജഡ്ജിമാരും മുൻ പോലീസ് മേധാവിയുമടങ്ങുന്ന ഉന്നതാധികാര സമിതിയുണ്ടാക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും.വിദ്യാർഥികൾക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കാവുന്നതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അറിയിച്ചു. എന്നാൽ കൊലപാതകം, കൊലപാതക ശ്രമം, ബലാത്സംഗം തുടങ്ങിയ ഗുരുതര കേസുകളിൽ നേരത്തേ പ്രതികളായ സമൂഹവിരുദ്ധർ പ്രതിഷേധങ്ങളിൽ നുഴഞ്ഞുകയറിയതിനെക്കുറിച്ച് അന്വേഷണം തുടരണമെന്നും സോളിസിറ്റർ വ്യക്തമാക്കി.പാർലമെന്റ് മാർച്ച് നടത്തിയത് നിയമവിരുദ്ധമാണെന്നും അതിക്രമങ്ങളിൽ ഖേദപ്രകടനം എഴുതിനൽകാത്തപക്ഷം കേസുകൾ റദ്ദാക്കരുതെന്നും വിദ്യാർഥികൾക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കുന്നതിനെ എതിർക്കുന്നവർക്കുവേണ്ടി അഡ്വ. റിസ്വാൻ അഹമ്മദ് വാദിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ കൊടുംകുറ്റവാളികളിൽനിന്ന് വേർതിരിച്ച് കാണണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *