അമുസ്‌ലിം അംഗത്വം ഒഴിച്ചിട്ട് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതിയെ അറിയിക്കാൻ സര്‍ക്കാര്‍

അമുസ്‌ലിം അംഗത്വം ഒഴിച്ചിട്ട് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതിയെ അറിയിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം.വഖഫ് ബോർഡില്‍ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതിനെതിരെ സുപ്രിംകോടതിയില്‍ കേസ് നടക്കുന്നത് ചൂണ്ടിക്കാട്ടിയാകും സർക്കാർ സത്യവാങ്മൂലം നല്‍കുക. നിലവിലെ അപാകതകള്‍ പരിഹരിച്ച്‌ പുനഃസംഘടന നടത്താമെന്നും സർക്കാർ അറിയിക്കും. ഈ മാസം 18ന് സർക്കാർ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിക്കും.വഖഫ് ബോർഡ് നിയമപ്രകാരമുള്ള വിവിധ പ്രതിനിധികളുടെ (മുത്തവല്ലി പ്രതിനിധി, സർക്കാർ ഉദ്യോഗസ്ഥർ, മതപണ്ഡിതൻ) യോഗ്യതകള്‍ ഉറപ്പുവരുത്തി പുനഃസംഘടന നടത്താമെന്ന് സർക്കാർ അറിയിക്കും. വഖഫ് ഭേദഗതി നിയമപ്രകാരം രണ്ട് അമുസ്ലിംങ്ങളെ നിയമിക്കണം എന്ന വ്യവസ്ഥയില്‍ സുപ്രിംകോടതിയുടെ തീരുമാനം വരുന്നതുവരെ തല്‍ക്കാലം ആ പദവികള്‍ ഒഴിച്ചിടാനാണ് തീരുമാനം.ബിജെപി നേതാവ് ഷോണ്‍ ജോർജ് നല്‍കിയ ഹരജിയില്‍ അമുസ്‌ലിംകളെ നിയമിക്കാത്തതിനാല്‍ ബോർഡ് പിരിച്ചുവിടണം എന്ന നിലപാടാണ് ഉന്നയിച്ചിരുന്നത്. യോഗ്യരായ ആളുകളെ വെച്ച്‌ ബോർഡ് പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്ന് ആഗസ്റ്റ് 18-ലെ സത്യവാങ്മൂലത്തിലൂടെ സർക്കാർ വ്യക്തമാക്കും. ആഗസ്റ്റ് 19-ന് കോടതി കേസ് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *