പശ്ചിമ ബംഗാളിലെ എസ്.ഐ.ആർ ട്രൈബ്യൂണലുകളുടെ പ്രവർത്തനം; തീർപ്പാക്കിയ അപ്പീലുകളുടെ കണക്ക് തേടി സുപ്രീം കോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ എസ്.ഐ.ആർ നടപടിക്കിടെ വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തതിനെതിരെ ട്രൈബ്യൂണലുകളിൽ നൽകിയ അപ്പീലുകളിൽ തീർപ്പാക്കിയത് എത്രയെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദേശിച്ചു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. പശ്ചിമ ബംഗാളിലെ എല്ലാ ബ്ലോക്കുകളിലും എസ്.ഐ.ആർ ട്രൈബ്യൂണലുകൾ സ്ഥാപിച്ച് വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തതിനെതിരായ അപ്പീലുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.നിലവിൽ പ്രവർത്തിക്കുന്ന ട്രൈബ്യൂണലുകൾ എത്ര കേസുകൾ കൈകാര്യം ചെയ്യുന്നുവെന്നും എത്ര കേസുകൾ തീർപ്പാക്കുന്നുവെന്നും ആദ്യം പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. നിലവിൽ പ്രവർത്തിക്കുന്ന ട്രൈബ്യൂണലുകളുടെ എണ്ണം, പ്രവർത്തന സമയം, തീർപ്പാക്കിയ അപ്പീലുകളുടെ എണ്ണം എന്നിവ സംബന്ധിച്ച കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.അപ്പീലുകൾ തീർപ്പാക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാൽ, നിലവിലെ ഘട്ടത്തിൽ സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ആദ്യം ട്രൈബ്യൂണലുകൾ തീർപ്പാക്കുന്ന കേസുകളുടെ എണ്ണവും തീരുമാനങ്ങളുടെ കൃത്യതയും പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി പറഞ്ഞു. ട്രൈബ്യൂണലുകളുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും മുതിർന്ന അഭിഭാഷകൻ വികാസ് രഞ്ജൻ ഭട്ടാചാര്യ മറ്റൊരു ഹരജിക്കാരന് വേണ്ടി ഉന്നയിച്ചു. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളും മറ്റ് പ്രവർത്തനപരമായ വിഷയങ്ങളും പരിഗണിക്കുന്നതിന് മുമ്പ് തീർപ്പാക്കിയ കേസുകളുടെ കണക്കുകൾ പരിശോധിക്കാനാണ് കോടതി തീരുമാനിച്ചത്. വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തതിനെതിരെ നൽകിയ അപ്പീലുകൾ തീർപ്പാകാതെ കിടക്കുന്ന സാഹചര്യത്തിൽ ചിലർക്ക് റേഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായുള്ള ആരോപണങ്ങളും വാദത്തിനിടെ ഉയർന്നു.പശ്ചിമ ബംഗാൾ സർക്കാർ സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കൽക്കട്ട ഹൈക്കോടതിയിലാണ് ഉന്നയിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിലവിലെ ഹരജിയുടെ പരിധിയിൽ സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന വിഷയവും ഉൾപ്പെടുത്തണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്നും കോടതി പറഞ്ഞു. പശ്ചിമ ബംഗാളിലെ ബ്ലോക്ക് തലത്തിൽ എസ്.ഐ.ആർ ട്രൈബ്യൂണലുകൾ സ്ഥാപിക്കണമെന്നാണ് അധീർ രഞ്ജൻ ചൗധരിയുടെ ഹർജിയിലെ പ്രധാന ആവശ്യം. സ്വന്തം താമസസ്ഥലത്തുനിന്ന് അകലെയുള്ള ട്രൈബ്യൂണലുകളെ സമീപിക്കേണ്ടിവരുന്നത് വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തതിനെതിരെ അപ്പീൽ നൽകുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ഹരജിയിലെ വാദം. നിലവിലുള്ള ട്രൈബ്യൂണലുകളുടെ പ്രവർത്തനം, അടിസ്ഥാന സൗകര്യങ്ങൾ, തീർപ്പാക്കാനുള്ള കേസുകളുടെ എണ്ണം എന്നിവ സംബന്ധിച്ച് കൂടുതൽ നിർദേശങ്ങൾ നൽകുന്നതിന് മുമ്പ് ലഭിക്കുന്ന കണക്കുകൾ പരിശോധിക്കാനാണ് സുപ്രീം കോടതി തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *