തെരുവുനായ നിയന്ത്രണം പഞ്ചായത്തുകളുടെ നിയമബാധ്യത;ഹൈക്കോടതി

കൊച്ചി: തെരുവുനായ ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയും അവര്‍ക്കുണ്ടെന്നും ഹൈക്കോടതി. 2007-ല്‍ തെരുവുനായയുടെ കടിയേറ്റ് പരിക്കേറ്റ കണ്ണൂര്‍ സ്വദേശി തങ്കപ്പന് പലിശയടക്കം 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. എരുവശേരി ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണായക വിധി.2007 സെപ്റ്റംബര്‍ 29-നാണ് തങ്കപ്പന് തെരുവുനായയുടെ കടിയേറ്റത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് എരുവശേരി ഗ്രാമപഞ്ചായത്തിനെ സമീപിച്ചെങ്കിലും അധികൃതര്‍ അപേക്ഷ പരിഗണിച്ചില്ല. തുടര്‍ന്ന് തളിപ്പറമ്പ് മുന്‍സിഫ് കോടതിയെ സമീപിച്ച തങ്കപ്പന് അനുകൂലമായി 2011-ല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ നായ പയ്യാവൂര്‍ പഞ്ചായത്തില്‍ നിന്നാണ് എത്തിയതെന്നും അതിനാല്‍ ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നുമായിരുന്നു എരുവശേരി പഞ്ചായത്തിന്റെ വാദം. ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. തെരുവുനായകളെ നിയന്ത്രിക്കുകയും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ നിയമപരമായ കടമയാണെന്ന് കോടതി വ്യക്തമാക്കി. കേസിന്റെ സങ്കീര്‍ണത കണക്കിലെടുത്ത് ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പി.ജി. ജയശങ്കറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് ഡിവിഷന്‍ ബെഞ്ച് പഞ്ചായത്തിന്റെ അപ്പീല്‍ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *