ന്യൂഡൽഹി: ‘അമ്മയാകണോ അതോ ജോലി വേണോ?’ – ഉദ്യോഗാർഥികളോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ അധികൃതർക്ക് അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഗർഭാവസ്ഥ എന്നത് ഒരു സ്ത്രീക്ക് സർക്കാർ ജോലി നിഷേധിക്കാനുള്ള കാരണമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, മാതൃത്വവും കരിയറും തമ്മിൽ തിരഞ്ഞെടുക്കാൻ സ്ത്രീയെ നിർബന്ധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും നിരീക്ഷിച്ചു.ഫോറസ്റ്റ് ഗാർഡ്, വൈൽഡ് ലൈഫ് ഗാർഡ് തസ്തികകളിലേക്കുള്ള നിയമന നടപടികളെ ചൊല്ലിയായിരുന്നു സുപ്രധാനമായ നിയമപോരാട്ടം നടന്നത്. 2023 സെപ്റ്റംബറിൽ വിജ്ഞാപനം വന്ന റിക്രൂട്ട്മെന്റ് നടപടികൾ നീണ്ടുപോയി രണ്ട് വർഷത്തിന് ശേഷം 2025 നവംബറിലാണ് രേഖാമൂലമുള്ള പരീക്ഷ നടന്നത്. ഈ കാലയളവിനിടയിൽ ഉദ്യോഗാർഥി വിവാഹിതയാവുകയും ഗർഭം ധരിക്കുകയും ചെയ്തു.രേഖാമൂലമുള്ള പരീക്ഷയിൽ വിജയിച്ച യുവതിയോട് കായികക്ഷമതാ പരീക്ഷയ്ക്ക് (പി.ഇ.ടി.) ഹാജരാകാൻ അധികൃതർ നിർദ്ദേശിച്ചു. നാല് മണിക്കൂറിനുള്ളിൽ 14 കിലോമീറ്റർ നടക്കുക എന്നതായിരുന്നു കടമ്പ. എന്നാൽ ഒൻപത് മാസം ഗർഭിണിയായിരുന്ന യുവതി, തന്റെ ശാരീരികാവസ്ഥ പരിഗണിച്ച് പരീക്ഷ മാറ്റിവെക്കണമെന്ന് അപേക്ഷിച്ചെങ്കിലും കമ്മീഷൻ അത് നിരസിക്കുകയായിരുന്നു.
‘ഗർഭാവസ്ഥ സർക്കാർ ജോലി നിഷേധിക്കാൻ കാരണമാകരുത്’: അലഹബാദ് ഹൈക്കോടതി
