നിതിൻ രാജിൻ്റെ മരണം: സര്‍ക്കാര്‍ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങള്‍ക്കുണ്ടോ? അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി

ദന്തല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയില്‍ ഹാജരായി.കോടതി മുറിയിലെ മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥനെ ജഡ്ജി വിമർശിച്ചു. സുപ്രധാന കേസ് വരുമ്പോള്‍ എന്തിനാണ് ഓണ്‍ലൈൻ മൈക്ക് ഓഫ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. എന്നാല്‍ ചാനലുകള്‍ കോടതി നടപടി റെക്കോർഡ് ചെയ്ത് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നുവെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. അതിനിടെ, കോടതി ഇടപെട്ട് മൈക്ക് ഓണ്‍ ചെയ്യിപ്പിച്ചു. ഉദ്യോഗസ്ഥനെതിരെ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്.സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങള്‍ക്കുണ്ടോ എന്നും ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കണമെന്ന് ആരെങ്കിലും പറഞ്ഞോയെന്നും കോടതി ചോദിച്ചു. ആഭ്യന്തരവകുപ്പിനോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ. പ്രതിക്ക് സുപ്രീംകോടതി വരെ പോകാൻ എന്തിനാണ് അവസരം നല്‍കിയത്. സാധാരണക്കാരൻ്റെ കാര്യം നോക്കാൻ ഇവിടെ കോടതി ഉണ്ട്. അത് ഓർമ്മയിരിക്കട്ടെയെന്നും ഹൈക്കോടതി പറഞ്ഞു. നടപടി എടുക്കരുതെന്നു ഡിവൈഎസ്പി കോടതിയില്‍ പറഞ്ഞു. എന്നാല്‍ വീഴ്ച്ചയില്‍ നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പിയോട് കോടതി മറുപടി നല്‍കി.അന്വേഷണ മേല്‍നോട്ടമെന്താണെന്ന് അറിയുമോയെന്ന് ക്രൈംബ്രാഞ്ച് എസ്പിയോടും കോടതി ചോദിച്ചു. എല്ലാ കാര്യങ്ങളിലും കോടതി നിർദ്ദേശം നല്‍കുക എന്ന സാഹചര്യം ഉണ്ടാക്കരുത്. ഇതുകൊണ്ട് ഒരു പ്രതിയെയും രക്ഷിക്കാൻ ആകില്ല. പൊലീസ് അവരുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതില്‍ പരാജയപ്പെട്ടു. സർക്കാർ നടപടി എടുത്തില്ലെങ്കില്‍ കോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാൻ എഡിജിപിയ്ക്ക് നിർദേശം നല്‍കിയ കോടതി, ഹർജി രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *