ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍, കിട്ടിയത് താടി വളരാനുള്ള എണ്ണ, വന്‍തുക പിഴയിട്ട് കോടതി

ഓണ്‍ലൈനായി ഓർഡർ ചെയ്ത ഐഫോണിന് പകരം ഉപഭോക്താവിന് താടി വളരാനുള്ള എണ്ണ നല്‍കിയ സംഭവത്തില്‍ പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിന് പിഴയിട്ട് ഉപഭോക്തൃ കോടതി.ഫോണിന്റെ വിലയായ 1,11,793 രൂപ പലിശ സഹിതം തിരിച്ചനല്‍കാനും, നഷ്ടപരിഹാരവും കേസിനുള്ള ചെലവുമായി 70,000 രൂപ അധികമായി നല്‍കാനും മുംബൈ അഡീഷണല്‍ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ഫ്ലിപ്പ്കാർട്ടും സെല്ലറായ ‘ഇന്റർനാഷണല്‍ വാല്യൂ റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡും’ സംയുക്തമായി 45 ദിവസത്തിനകം തുക നല്‍കണമെന്നാണ് വിധി.മുംബൈ പൊവായി സ്വദേശിയായ ഉപഭോക്താവ് 2023 ഏപ്രില്‍ 22നാണ് ഫ്ലിപ്പ്കാർട്ട് വഴി നോ-കോസ്റ്റ് ഇഎംഐ വ്യവസ്ഥയില്‍ 1,11,793 രൂപ നല്‍കി ഐഫോണ്‍ 14 പ്രോ (128 GB) ഓർഡർ ചെയ്തത്. പ്രത്യേകമായി ഓർഡർ ചെയ്ത ചാർജറും കവറും കൃത്യമായി ലഭിച്ചെങ്കിലും, പ്രധാന പാക്കറ്റില്‍ ഫോണിന് പകരം എണ്ണക്കുപ്പിയാണ് ലഭിച്ചത്. ആവശ്യമായ രേഖകളും തെളിവുകളും സഹിതം ഫ്ലിപ്പ്കാർട്ട് കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല. പരാതി പരിഹരിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ ഫ്ലിപ്പ്കാർട്ട് പരാതി ‘പരിഹരിച്ചു’ എന്ന് മാർക്ക് ചെയ്ത് കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറാനാകില്ല. പരാതിയുമായി ഉപഭോക്താവ് വരുമ്പോള്‍, കൃത്യമായ അന്വേഷണം നടത്താനും പരിഹരിക്കാനും പ്ലാറ്റ്‌ഫോമിന് ബാധ്യതയുണ്ട്. യാതൊരു പരിഹാരവും കാണാതെ ഉപഭോക്താവിന്റെ പരാതികള്‍ തുടർച്ചയായി ക്ലോസ് ചെയ്ത നടപടി നിയമവിരുദ്ധവും അനുചിതവുമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം ഉല്‍പ്പന്നം പാക്ക് ചെയ്യുന്നതിലോ അയക്കുന്നതിലോ നിർമ്മാതാക്കളായ ആപ്പിളിന് പങ്കില്ലാത്തതിനാല്‍ അവർക്കെതിരെയുള്ള പരാതി കമ്മീഷൻ തള്ളി.

Leave a Reply

Your email address will not be published. Required fields are marked *