കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി, സുതാര്യതയില്ല, 4 രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലെ സേവനങ്ങള്‍ കരാര്‍ നല്‍കാനുള്ള ടെൻഡര്‍ റദ്ദാക്കിയ വിധി ശരിവെച്ചു

അബുദാബി (യുഎഇ), കുവൈറ്റ്, സിംഗപ്പൂർ, കാൻബറ (ഓസ്ട്രേലിയ) എന്നീ നാല് ഇന്ത്യൻ എംബസികളിലെ കോണ്‍സുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങള്‍ പുതിയ കമ്പനികള്‍ക്ക് കരാർ നല്‍കാനുള്ള ടെൻഡർ റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നല്‍കിയ ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. സുതാര്യതക്കുറവ്, മാനദണ്ഡങ്ങള്‍ വ്യക്തമാക്കാതെ ചില കമ്പനികളുടെ മാർക്ക് കുറച്ചു എന്നിവ ചൂണ്ടിക്കാണിച്ചാണ് മുൻ ടെൻഡർ നടപടികള്‍ കോടതി റദ്ദാക്കിയത്. എന്നാല്‍ വിദേശത്തുള്ള ഇന്ത്യക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ സുപ്രീം കോടതി ചില താല്‍ക്കാലിക നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.വിദേശകാര്യ മന്ത്രാലയവും എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡും ചേർന്ന് എത്രയും വേഗത്തില്‍ പരമാവധി മൂന്ന് മാസത്തിനകം പുതിയ ടെൻഡർ നടപടികള്‍ പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വിദേശ രാജ്യങ്ങളിലെ ദിവസേനയുള്ള വിസ, പാസ്‌പോർട്ട് സേവനങ്ങളെ ബാധിക്കാതിരിക്കാൻ താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കണം. ഇതിനായി നിലവിലെ ഏജൻസികളെയോ അല്ലെങ്കില്‍ തൃപ്തികരമായി പ്രവർത്തിച്ച മറ്റ് ഏജൻസികളെയോ താല്‍ക്കാലികമായി ചുമതലപ്പെടുത്താം.ടെൻഡറില്‍ പങ്കെടുത്ത രണ്ട് കമ്പനികളെ ഒഴിവാക്കിയത് നിയമവിരുദ്ധവും ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനവുമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇത് സുപ്രീം കോടതിയും ശരിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *