വരുമാനമില്ലാത്ത മുൻ ഭര്‍ത്താവിന് ജീവനാംശം നല്‍കണം; സര്‍ക്കാര്‍ ജീവനക്കാരിയായ മുൻ ഭാര്യയ്ക്ക് കോടതി ഉത്തരവ്

സ്വന്തമായി വരുമാന മാർഗമോ സ്വത്തോ ഇല്ലാത്ത മുൻ ഭർത്താവിന് സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യ പ്രതിമാസം ജീവനാംശം നല്‍കണമെന്ന് ചവറ കുടുംബകോടതി.തൊടിയൂർ സ്വദേശിക്ക് മാസം 2,500 രൂപ വീതം നല്‍കാനാണ് കുടുംബകോടതി ജഡ്ജി കെ.എസ്. ബെവീന നാഥ് ഉത്തരവിട്ടത്.ദമ്പതികള്‍ 2020 മുതല്‍ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. തുടർന്ന് കോടതി വിവാഹമോചനം അനുവദിച്ചു. ഇവർക്ക് രണ്ട് പെണ്‍മക്കളുണ്ട്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞപ്പോള്‍ ഇളയ മകള്‍ നിലവില്‍ പരാതിക്കാരനായ പിതാവിനൊപ്പമാണ് താമസിക്കുന്നത്.മുൻ ഭാര്യ തന്നെ ഉപേക്ഷിച്ചെന്നും ദാമ്പത്യജീവിതത്തിലെ ബാധ്യതകള്‍ നിറവേറ്റാതെ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ബിരുദവും ബി.എഡും നേടിയ മുൻ ഭർത്താവ് ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.ഹർജിക്കാരന് സ്വന്തമായി വരുമാനമോ സ്വത്തുവകകളോ ഇല്ലെന്ന് കോടതി വിലയിരുത്തി. അതേസമയം, മുൻ ഭർത്താവിന് സ്ഥിരവരുമാനമുണ്ടെന്ന് തെളിയിക്കാൻ മുൻ ഭാര്യയ്ക്ക് കഴിഞ്ഞില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിമാസം 2,500 രൂപ സംരക്ഷണച്ചെലവായി നല്‍കാൻ കോടതി ഉത്തരവിട്ടത്.ഭർത്താവിന് വേണ്ടി അഭിഭാഷകരായ അനൂബ് കെ.ബഷീർ, സുരേഷ് കണിച്ചേരില്‍, സൈമാ നിസാർ എന്നിവരാണ് കോടതിയില്‍ ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *